തിരുവനന്തപുരം
സ്കൂളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ കർശന വിലക്ക്. സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന സർക്കുലർ നിലവിലുണ്ട്. കോവിഡ് പ്രതിസന്ധിക്കുശേഷം നേരിട്ട് അധ്യയനം നടത്തുന്നതിനാൽ ഫോൺ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠനാവശ്യത്തിന് പുറമെ ഓൺലൈൻ ഗെയിമുകൾക്കായുള്ള ഫോൺ ഉപയോഗം ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ക്ലാസ് സമയത്ത് കുട്ടികളെ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടിക്കും കൊണ്ടുപോകരുത്. ഇത് സംബന്ധിച്ച് എഇഒമാരടക്കമുള്ളവരുടെ യോഗം വിളിക്കും. ലിംഗസമത്വ യൂണിഫോമിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ല. എന്നാൽ, പാഠപുസ്തകത്തിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തുന്നുണ്ട്. അതിന് നിയോഗിച്ച പ്രത്യേക കമ്മിറ്റി പരിശോധന നടത്തുകയാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രഫണ്ടിൽനിന്ന് നൽകാനുള്ള 142 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്ഷരമാല
അടുത്തമാസം
അക്ഷരമാല ഉൾപ്പെടുത്തിയ മലയാളം പാഠപുസ്തകം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കുട്ടികൾക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലുമാണ് അക്ഷരമാല ഉൾപ്പെടുത്തുക. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാർഗനിർദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ളതാണ് ഉൾപ്പെടുത്തുന്നത്.