പിറവം
സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയ ആഷിക്കും അശ്വിനും കേദാർനാഥിലെത്തി. പുതുവർഷപ്പുലരിയിൽ പാമ്പാക്കുടയിൽനിന്നാണ് ഇവർ യാത്ര ആരംഭിച്ചത്. പാമ്പാക്കുട ആക്കാപ്പാറയിൽ റെജിയുടെ മകൻ ആഷിക് റെജിയും (21) കൂട്ടുകാരൻ കണ്ണൂർ ഇരിട്ടി സ്വദേശി അശ്വിൻ മനോജുമാണ് (21) സൈക്കിളിൽ ഇന്ത്യ ചുറ്റുന്നത്.
ഉത്തരാഖണ്ഡ് സോബ്രയാഗിൽനിന്ന് 21 കിലോമീറ്റർ ട്രക്കിങ് നടത്തിയാണ് കേദാർനാഥ് ക്ഷേത്രത്തിലെത്തിയത്. ആദ്യ നാല് കിലോമീറ്റർമാത്രം ഭാഗികമായി സൈക്കിളിൽ കയറിയും പിന്നീട് സൈക്കിൾ ചുമന്നുമാണ് കയറിയത്. പ്രതികൂല കാലാവസ്ഥയിൽ 10 മണിക്കൂർനീണ്ട, സൈക്കിൾ ചുമന്നുള്ള യാത്രയിൽ പലരും കളിയാക്കിയെങ്കിലും സൈക്കിൾ ഉപേക്ഷിച്ചില്ല. ക്ഷേത്ര പരിസരവാസികൾ രണ്ടുദിവസത്തെ സൗജന്യ താമസവും ഭക്ഷണവും നൽകി.
മഴ നനഞ്ഞ് ഏഴ് മണിക്കൂറുകൊണ്ടാണ് തിരികെ ഇറങ്ങിയത്. ഒന്നരവർഷംകൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് രാജ്യത്തിന്റെ വൈവിധ്യം അടുത്തറിയുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിൽ പത്തുവരെ ഒരുമിച്ചുപഠിച്ച ഇരുവരെയും, യാത്രയോടുള്ള താൽപ്പര്യമാണ് കൂടുതൽ അടുപ്പിച്ചത്. കാസർകോടുമുതൽ കന്യാകുമാരിവരെ ഒരുരൂപപോലും കൈയിൽ കരുതാതെ കാണുന്ന വണ്ടിക്ക് കൈ കാണിച്ച് യാത്രചെയ്ത പാരമ്പര്യം ആഷിക്കിനുണ്ട്. അശ്വിന് സൈക്കിൾയാത്രയാണ് ഹരം.
ഇരിട്ടി ക്രാങ്ക് ആൻഡ് പെഡൽ സൈക്കിളിങ് ക്ലബ് അംഗമാണ് അശ്വിൻ. ദിവസം 100 കിലോമീറ്ററിലേറെ സൈക്കിൾ ചവിട്ടാറുണ്ട്. വ്ലോഗറായ ആഷിക് യുട്യൂബിൽനിന്നുള്ള വരുമാനം കൊണ്ടാണ് സൈക്കിൾ വാങ്ങിയത്.