ബർമിങ്ഹാം
അവസാന നിമിഷം സ്വർണംകെെവിട്ട് തുലിക മാൻ. കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 78 കിലോയ്ക്ക് മുകളിലുള്ളവരുടെ ജൂഡോ ഫെെനലിൽ തുലിക മുന്നിട്ടുനിന്ന ശേഷം കീഴടങ്ങി. മത്സരം കഴിയാൻ നിമിഷങ്ങൾശേഷിക്കെ സ്കോട്ലൻഡിന്റെ സാറാ അഡ്ലിങ്ടൺ തുലികയെ മലർത്തിയടിക്കുകയായിരുന്നു.
ഗെയിംസിൽ ഭാരോദ്വഹനക്കാരുടെ മിടുക്കിൽ ഇന്ത്യ മുന്നേറുന്നു. ആറാംദിനവും ഭാരോദ്വഹനത്തിൽ മെഡൽവന്നപ്പോൾ ബോക്സിങ്ങിലും മെഡലുറപ്പാക്കി. അഞ്ച് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യക്ക്.
ജൂഡോയിൽ ന്യൂസിലൻഡിന്റെ സിഡ്നി ആൻഡ്രൂസിനെ തോൽപ്പിച്ചായിരുന്നു തുലിക മാന്നിന്റെ ഫെെനൽ പ്രവേശം. പിന്നിട്ടുനിന്ന ശേഷമായിരുന്നു തുലികയുടെ തിരിച്ചുവരവ്. നാല് തവണ ദേശീയ ചാമ്പ്യനാണ് ഇരുപത്തിരണ്ടുകാരി. ഫെെനലിലും ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി.
ബോക്സിങ്ങിൽ നിഖാത് സറീനും നിതു ഗംഗാസും മുഹമ്മദ് ഹുസമുദീനുമാണ് മെഡൽ ഉറപ്പാക്കിയത്. മൂവരും സെമിയിൽ കടന്നു.
ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കലം നേടി. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിലായിരുന്നു നേട്ടം. ആകെ 355 കിലോയാണ് ഉയർത്തിയത്. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോയും. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി. 390 കിലോയാണ് ആകെ ഉയർത്തിയത്. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണമുൾപ്പെടെ പത്ത് മെഡലുകളാണ് ഇന്ത്യ ബർമിങ്ഹാമിൽ നേടിയത്. ബോക്സിങ്ങിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ വെയ്ൽസിന്റെ ഹെലൻ ജോൺസിനെ നിഖാത്ത് വീഴ്ത്തി (5–0). സെമിയിൽ ഇംഗ്ലണ്ടിന്റെ സവാന്ന ആൽഫി സ്റ്റബ്ലിയാണ് എതിരാളി. ശനിയാഴ്ചയാണ് മത്സരം.
48 കിലോ വിഭാഗത്തിൽ വടക്കൻ അയർലൻഡിന്റെ നിക്കോൾ ക്ലയ്ഡിനെ തകർത്തായിരുന്നു നിതുവിന്റെ മുന്നേറ്റം.
ആദ്യ രണ്ട് റൗണ്ടിൽതന്നെ നിതു എതിരാളിയെ നിലംപരിശാക്കി. ശനിയാഴ്ച നടക്കുന്ന സെമിയിൽ ക്യാനഡയുടെ പ്രിയങ്ക ധില്ലനാണ് നിതുവിന്റെ എതിരാളി.
പുരുഷ 57 കിലോ വിഭാഗത്തിൽ നമീബിയയുടെ ട്രയ്ഗയ്ൻ മോണിങ് എൻഡെവെലോയെ ഹുസമുദീൻ തോൽപ്പിച്ചു. 4–1നായിരുന്നു ജയം.
ശനിയാഴ്ച നടക്കുന്ന സെമിയിൽ ജോസെഫ് കോമ്മിയാണ് എതിരാളി. വനിതകളുടെ 66–70 കിലോ വിഭാഗത്തിൽ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ലവ്ലിന ബൊർഗോഹെയ്ൻ ക്വാർട്ടറിൽ പുറത്തായി.
തേജസ്വിന് വെങ്കലം
കോടതിവിധിയിലൂടെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട തേജസ്വിൻ ശങ്കറിന് ഹൈജമ്പിൽ വെങ്കലം. 2.22 മീറ്റർ ചാടിയാണ് നേട്ടം. അത്ലറ്റിക്സിലെ ആദ്യ മെഡലാണ്. ഹൈജമ്പിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ഇരുപത്തിമൂന്നുകാരൻ ആദ്യ ചാട്ടത്തിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന് 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ മറികടക്കുന്നതിൽ പരാജയപ്പെട്ടു. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ (2.25) സ്വർണം നേടി. ഓസ്ട്രേലിയക്കാരൻ ബ്രെൻഡൻ സ്റ്റാർക്കിനാണ് വെള്ളി.
ചെന്നൈയിൽ നടന്ന ഇന്റസ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞാണ് ആദ്യം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ആ സമയത്ത് അമേരിക്കയിൽ നടന്ന ട്രാക്ക് ആന്റ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി യോഗ്യതാ മാർക്ക് മറികടന്നു. അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷൻ ഇതംഗീകരിച്ചില്ല. തുടർന്ന് തേജസ്വിൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.