കൊച്ചി : അനിൽ വി. നാഗേന്ദ്രന്റെ വ്യത്യസ്തമായ റൊമാന്റിക് – ആക്ഷൻ – ത്രില്ലർ ചിത്രം ‘തീ’ ആഗസ്റ്റ് 12 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ചലച്ചിത്രരംഗത്തോടൊപ്പം രാഷ്ട്രീയരംഗത്തും കൗതുകം സൃഷ്ടിച്ച തീയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ. നായകനാകുന്നു. ചിത്രത്തിൽ പ്രശസ്ത താരങ്ങൾക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പലപ്രമുഖരും ആദ്യമായി വെള്ളിത്തിരയിലേക്കെത്തുന്നു.
‘വസന്തത്തിന്റെ കനൽ വഴികളിൽ’ എന്ന ശ്രദ്ധേയമായ ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനിൽ വി. നാഗേന്ദ്രൻ, രണ്ടാമത്തെ ചിത്രമായ തീ യിൽ മുഹമ്മദ് മുഹ്സിൻ എം എൽ എ യെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു.
ആദർശധീരരായ ഒരു കൂട്ടം മാധ്യമപ്രവർത്തകരും അധികാരശക്തിയും അന്തർദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തിൽ, അധോലോകനായകനായി പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടൻ ഇന്ദ്രൻസും ഒരു മാധ്യമ സ്ഥാപന ഉടമയുടെ വേഷത്തിൽ പ്രേംകുമാറും ‘ഘടോൽക്കചൻ’ എന്ന വില്ലനായി, വസന്തത്തിന്റെ കനൽ വഴികളിൽ സമുദ്രക്കനിയ്ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും(തട്ടീം മുട്ടീം ഫെയിം) സോണിയ മൽഹാർ, രശ്മി അനിൽ വി.കെ. ബൈജുവും കഥാപാത്രങ്ങളായി എത്തുന്നു.
ഏവരിലും കൗതുകമുണർത്തിക്കൊണ്ട് സി.ആർ. മഹേഷ് എം.എൽ.എ., കെ.സുരേഷ് കുറുപ്പ് എക്സ് എം.പി., കെ. സോമപ്രസാദ് എക്സ്. എം.പി., മലയാളികളുടെ അഭിമാനമായ ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി.കെ. മേദിനി, ഗായകൻ ഉണ്ണി മേനോൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി.ജെ. കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവർ മികച്ച വേഷങ്ങളുമായി പ്രമുഖ താരങ്ങൾക്കാപ്പം അഭിനയിക്കുന്നു.
അഭിനയരംഗത്തും സംഗീതരംഗത്തും നിരവധി പുതുമുഖങ്ങൾക്ക് തീ യിൽ അവസരം നല്കിയിട്ടുണ്ട്. എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, ദീർഘകാലമായി സംഗീതരംഗത്തു നില്ക്കുന്ന ഗായകൻ കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടൻ ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്. കേരള നിയമസഭാ ഹാളിൽ പ്രിവ്യു ഷോ നടത്തിക്കൊണ്ടു നിയമസഭാ ചരിത്രത്തിലും സിനിമാചരിത്രത്തിലും ഒരുപോലെ ഇടംനേടിയ ചിത്രംകൂടിയാണ് ‘തീ’.