കോഴിക്കോട് > കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും കുടുംബ പെൻഷൻ 30% ആയി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച എല്ലാ പൊതുമേഖലാ ഇൻഷുറസ് ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്താൻ ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ (എഐഐപിഎ) ആഹ്വാനം ചെതു. നിലവിലുള്ള ജീവനക്കാരും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.
എൽഐസി സെൻട്രൽ ഓഫീസ് “യോഗക്ഷേമ” യുടെ മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനം എഐഐപിഎ ജോയിന്റ് സെക്രട്ടറി വി എസ് നാൽവഡേ ഉദ്ഘാടനം ചെയ്യും. എൽഐസി ഗുവാഹാട്ടി ഡിവിഷണൽ ഓഫീസിനു മുന്നിൽ നടക്കുന്ന
പ്രതിഷേധ പ്രകടനം എഐഐപിഎ പ്രസിഡന്റ് സതൻജിബ് ദാസ് ഉദ്ഘാടനം ചെയ്യും.
എൽഐസി കോഴിക്കോട് ഡിവിഷണൽ ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനം എഐഐപി.എ ജനറൽ സെക്രട്ടറി എം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വർഗ്ഗ ബഹുജന സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
റിസർവ് ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, പൊതുമേഖലാ ഇൻഷുറൻസ് കോർപ്പറേഷനുകൾ തുടങ്ങി എല്ലാ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലും 01.01.1986 മുതൽ മുൻകാല പ്രാബല്യത്തോടെ 1995ലാണ് ജീവനക്കാർക്കായി പെൻഷൻ പദ്ധതി നിലവിൽ വന്നത്. കേന്ദ്ര സിവിൽ സർവീസ് ജീവനക്കാർക്കായി നിശ്ചയിക്കപ്പെട്ട പെൻഷൻ നിയമത്തിന് അനുസൃതമായാണ് പ്രസ്തുത പെൻഷൻ നിയമങ്ങളും രൂപകൽപ്പന ചെയ്തെങ്കിലും വേതന പരിഷ്ക്കരണത്തെ തുടർന്ന് കേന്ദ്ര ജീവനക്കാർക്ക് ലഭ്യമാക്കിയ പെൻഷൻ പരിഷ്ക്കരണം നാളിത് വരെ നടന്നിട്ടില്ല.
ജീവനക്കാരന് അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 15% നിരക്കിലാണ് കുടുംബ പെൻഷൻ നിശ്ചയിക്കപ്പെട്ടത്. യാതൊരു വർധനയും വരുത്താത്തതിനാൽ കേവലം തുഛമായ തുകയാണ് കുടുംബ പെന്ഷനർമാർക്ക് ലഭിക്കുന്നത്. അതിനാൽ നിരവധി കുടുംബങ്ങൾ തീർത്തും ദാരിദ്രാവസ്ഥയിലാണെന്നതും വസ്തുതയാണ്.
വളരെ വർഷത്തെ നിരന്തരമായ സമർദ്ദങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി കുടുംബ പെൻഷൻ 30% ആയി വർധിപ്പിക്കാൻ എൽഐസി ഡയറക്ടർ ബോർഡ് 2019 സെപ്റ്റംബർ മാസത്തിൽ കേന്ദ്ര സർക്കാരിന് ശുപാർശ നൽകുകയുണ്ടായി. തുടർന്ന്, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളും അതെ വിധത്തിലുള്ള ശുപാർശ സർക്കാരിന് നൽകി.
എന്നാൽ, 2 വർഷത്തിലേറെയായിട്ടും മേൽപറഞ്ഞ ശുപാർശ അംഗീകരിച്ച് ഇൻഷുറൻസ് കുടുംബ പെൻഷനർമാർക്ക് ആശ്വാസം നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഇതിനിടെ, സമാനമായ തീരുമാനം പൊതുമേഖലാ ബാങ്കുകളിൽ നടപ്പാക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് നാളെ പ്രകടനം.