തിരുവനന്തപുരം> അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ പോഷകബാല്യം പദ്ധതിയ്ക്കെതിരായ ബിജെപി നേതാവിന്റെ നുണ പ്രചരണം പൊളിച്ച് ഫെയ്സ്ബുക്ക്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറും കൂടിയായ കരമന അജിത് ആണ് പോഷകബാല്യം പദ്ധതിക്കെതിരെ വ്യാജ പ്രചരണം നടത്തിയത്.
“കേന്ദ്രസര്‍ക്കാരിന്റെ അക്ഷയപാത്ര പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റി പോഷക ബാല്യം എന്ന പേരില്‍ മുട്ടയും പാലും കൊടുക്കുന്നത് എന്ന് എത്ര പേര്‍ക്ക് അറിയാം. രാജ്യത്തുടനീളം കുട്ടികള്‍ക്ക് അങ്കണവാടി വഴി അക്ഷയപാത്ര പദ്ധതി നടപ്പിലാക്കിയ മോദി ഗവര്മെന്റിന് അഭിന്ദനങ്ങള്‍”- എന്നായിരുന്നു കരമന അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
കരമന അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്നാൽ സംസ്ഥാന സർക്കാർ പദ്ധതിക്കെതിരായ നുണ പ്രചരണം ഫെയ്സ്ബുക്ക് തന്നെ കൈയ്യോടെ പൊക്കി. കരമന അജിത്തിന്റെ പോസ്റ്റ് False information ആണെന്ന് പോസ്റ്റിന് അടിയിൽ തന്നെ ഫെയ്സ്ബുക്ക് ഫാക്ട് ചെക്ക് ടീം കുറിച്ചു. പോഷകബാല്യം പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരുമായി ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പറയുന്നു.
പോസ്റ്റ് False information ആണെന്ന ഫെയ്സ്ബുക്ക് കുറിപ്പ്
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലായി നടപ്പാക്കുന്ന പോഷകബാല്യം പദ്ധതി മുഖ്യമന്ത്രി പിണാറായി വിജയൻ തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും രണ്ട് ദിവസം പാലും നൽകുന്നതാണ് പദ്ധതി.
ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ് 61.5 കോടി രൂപയാണ്.