കൊച്ചി > മഴ ശക്തമായതോടെ ജില്ലയിൽ 319 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിനായി നാല് താലൂക്കുകളിലായി 11 ക്യാമ്പുകളാണ് ഇതിനോടകം ആരംഭിച്ചത്. പറവൂർ, ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാമ്പുകളുമാണ് ഉള്ളത്. ഇതുവരെ 98 കുടുംബങ്ങളെയാണ് ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ആകെയുള്ള 319 അന്തേവാസികളിൽ 126 പേർ പുരുഷന്മാരും 128 സ്ത്രീകളും 65 പേർ കുട്ടികളുമാണ്. 15 അതിഥി തൊഴിലാളികളെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോതമംഗലം ടൗൺ യു.പി സ്കൂളിലെ ക്യാമ്പിലാണ് ഏറ്റവും കൂടുതൽ ആളുകളുള്ളത്. 17 കുടുംബങ്ങളിലായി 62 പേരെയാണ് ഇവിടേക്ക് മാറ്റിയത്. ജവഹർ കോളനി ഭാഗത്തുള്ളവരാണ് ഇവർ.
ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകര ജിയുപിഎസിൽ 54 പേരെയും ഐഎസി യൂണിയൻ ഓഫീസിലെ ക്യാമ്പിൽ 26 പേരെയുമാണ് പാർപ്പിച്ചിട്ടുള്ളത്. ബോസ്കോ കോളനി ഭാഗത്തുള്ളവരാണ് ഇരു ക്യാമ്പുകളിലെയും അന്തേവാസികൾ. എഫ്എസിറ്റി ഈസ്റ്റേൺ യു.പി സ്കൂളിൽ 35 പേരെയും കുന്നുശേരി മുസ്ലീം മദ്രസയിലെ ക്യാമ്പിൽ 37 പേരെയുമാണ് പാർപ്പിച്ചത്.
ചൂർണിക്കര എസ്പിഡബ്ല്യു എൽ.പി സ്കൂൾ (31 അന്തേവാസികൾ), മുവാറ്റുപുഴ ടൗൺ യു.പി സ്കൂൾ (13), കടാതി എൻ.എസ്.എസ് കരയോഗം (25), വലേപുറം അംഗൻവാടി (6), തൃക്കാരിയൂർ എൽ.പി.എസ് (15), ജെ.ബി സ്കൂൾ വാഴപ്പിള്ളി (15) എന്നിവയാണ് മറ്റു ക്യാമ്പുകൾ. ഇതിൽ വാഴപ്പിള്ളി ജെ.ബി സ്കൂളിലെ ക്യാമ്പ് അതിഥി തൊഴിലാളികൾക്കുള്ളതാണ്. കൊച്ചങ്ങാടി ഭാഗത്തെ താമസക്കാരാണ് ഇവർ.