തിരുവനന്തപുരം > സംസ്ഥാനത്ത് മഴക്കെടുതിയില് മൂന്ന് പേർ മരിച്ചു.റിയാസ്, രാജേഷ്, രണ്ടരവയസുകാരി നുമ തസ്ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. കൂട്ടിക്കലില് ഒഴുക്കിൽപ്പെട്ടാണ് റിയാസ് മരിച്ചത്. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിന് സമീപം പുല്ലുകയറിൽ റിയാസ് ഒഴുകപ്പെട്ടത്.
നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടിയെങ്കിലും റിയാസിനെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലുകയാറ്റിലും വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് റിയാസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
അടുത്ത മൂന്ന് മണിക്കൂറില് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മണിക്കൂറില് 55 കീ.മി വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കനക്കവേ കണ്ണൂരില് മലയോര മേഖലയില് നാലിടത്ത് ഉരുള്പൊട്ടിയതായാണ് വിവരം.