തിരുവനന്തപുരം
ദേശീയ പതാകച്ചട്ടം ഭേദഗതി ചെയ്ത കേന്ദ്ര സർക്കാർ നടപടി പതാക നിർമാണത്തിൽ കുത്തകകളുടെ വരവിന് വഴിയൊരുക്കും. 2002 മുതൽ നിലവിലുള്ള ചട്ടപ്രകാരം കമ്പിളി, പരുത്തി, പട്ട്, ഖാദി തുണികളിൽ കൈകൊണ്ടോ കൈത്തറി ഉപയോഗിച്ചോ മാത്രമേ പതാക നിർമിക്കാവൂ. കർണാടകത്തിലെ ഖാദി സ്ഥാപനത്തിനായിരുന്നു കേന്ദ്രം അനുമതി നൽകിയിരുന്നത്. ജനുവരിയിലാണ് ഈ ചട്ടം തിരുത്തി യന്ത്രം ഉപയോഗിച്ചും നിർമിക്കാം എന്നാക്കിയത്.
ഒപ്പം തുണികളിൽ പോളീസ്റ്ററും ഉൾപ്പെടുത്തി. കർണാടകത്തിൽനിന്ന് വാങ്ങിയാണ് ഖാദിബോർഡ് അടക്കം പതാക നൽകിയിരുന്നത്. പോളീസ്റ്റർ പതാക വരുന്നതോടെ ഖാദിയെ ഇത് ബാധിക്കും. പോളീസ്റ്റർ പരിസ്ഥിതി സൗഹൃദവുമല്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്താൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ആഹ്വാനം ചെയ്തിരുന്നു. ഖാദിക്ക് വലിയ ഉണർവാകേണ്ട തീരുമാനമാണ് ചട്ടഭേദഗതിയോടെ ഇല്ലാതാകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നും എല്ലാ ഖാദി സ്ഥാപനങ്ങൾക്കും പതാക നിർമാണത്തിന് അനുമതി നൽകണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് രാജ്യസഭാംഗം വി ശിവദാസൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയിട്ടുമുണ്ട്.