തിരുവനന്തപുരം
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ശാസ്ത്രീയമായി ലഘൂകരിക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരേ സമയം ദുഷ്കരവും വിപുലവുമായ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്. കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും രീതിയിലും വ്യത്യാസം കാണുന്നു. ഇതിന്റെ തിക്തഫലം കാർഷികമേഖലയെ അടക്കം ബാധിക്കുന്നുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനുകീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ഐസിസിഎസ്) സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കാലാസ്ഥാ മാറ്റത്തെ ശാസ്ത്രീയരീതിയിൽ മനസ്സിലാക്കി കെടുതികൾ പരമാവധി ഒഴിവാക്കാനുള്ള മാർഗം സ്വീകരിക്കണം. ലഭ്യമാകുന്ന പുതിയ വിജ്ഞാനം പങ്കിട്ടും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന് കൂട്ടായി അപഗ്രഥിച്ചും മുന്നോട്ടുപോകണം. ആശയവിനിമയവും നിരന്തര ജാഗ്രതയും ഈ വിഷയത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ പി സുധീർ അധ്യക്ഷനായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിജിഎം ഡോ. എം മഹാപാത്ര, അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു, ജി ശ്രീനിവാസ്, ഡി ശിവാനന്ദ പൈ, സുനീൽ പാമിഡി എന്നിവർ സംസാരിച്ചു. ശിൽപ്പശാല ചൊവ്വാഴ്ച അവസാനിക്കും.