തിരുവനന്തപുരം > ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്.
ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ സ്ത്രീകളെ തുല്യരായി കണക്കാക്കാൻ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും. ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാൾക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല.
ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർത്ഥം. വിദ്യാർത്ഥികൾ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ വേഷം ഞങ്ങൾ നിശ്ചയിക്കുമെന്ന് കൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പറഞ്ഞു.