കൊച്ചി> യുഡിഎഫ് ഭരിയ്ക്കുന്ന മൂവാറ്റുപുഴ നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം പാസായി.
യുഡിഎഫ് പിന്തുണയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ബിജെപിയിലെ രാജശ്രീ രാജുവിനെതിരെ
കോൺഗ്രസിലെ 13-ാം വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ കഴിഞ്ഞ ദിവസം നൽകിയ അവിശ്വാസമാണ് പാസായത്.
അഞ്ച് അംഗ സമിതിയിൽ എൽഡിഎഫിലെ രണ്ട് പേരും പ്രമീളയുമാണ് യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിലെ ഒരാളും പങ്കെടുത്തില്ല. അതിനിടെ രാജശ്രീയുടെ രാജിക്കത്ത് നൽകി യുഡിഎഫ് അംഗങ്ങൾ വരണാധികാരിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. കൗൺസിൽ ഹാളിലെ ക്യാബിനിൽ കയറിയ യുഡിഎഫ് അംഗങ്ങൾ വരണാധികാരിയെയും നഗരസഭാ സൂപ്രണ്ടിനേയും ചീത്ത വിളിച്ചത് സംഘർഷത്തിനിടയാക്കി.