കോഴിക്കോട് > ലിംഗ സമത്വത്തെ കുറിച്ച് പരമാമർശിക്കുന്നതിനിടയിൽ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം മാന്യത തൊട്ടുതീണ്ടാത്തതും തരം താഴ്ന്നതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
പൊതുസമൂഹം ചർച്ച ചെയ്യുന്ന ഒരു വിഷയത്തെ അധികരിച്ച് അഭിപ്രായ പ്രകടനം നടത്തുന്നിടത്ത് മുഖ്യമന്ത്രിയെയും കുടുംബത്തെയും വലിച്ചിഴച്ച് കൊണ്ടുവന്ന് അമാന്യമായ ഭാഷയിൽ സംസാരിക്കുന്നത് രാഷ്ട്രീയ വങ്കത്തവും അപക്വതയുമാണ്. പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നത് വ്യക്തിഹത്യയാണെന്ന് മനസ്സിലാക്കാനുള്ള മുനീറിെൻറ ബുദ്ധിപരമായ വളർച്ചയില്ലായ്മ ലീഗ് നേതൃത്വമാണ് ഗൗരവമായി കാണേണ്ടത്.
ജെൻഡൽ ന്യൂട്രാലിറ്റിയും ലിംഗ സമത്വവുമൊക്കെ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. അതിന്് ശ്രമിക്കാതെ ഏതവസരം കിട്ടുമ്പോഴും വ്യക്തികളിൽ ഈന്നി സംസാരിക്കാനും അതുവഴി വ്യക്തിവിരോധം ഛർദിച്ചുതീർക്കാനും തുനിയുന്നത് ദുഷിച്ച മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു