മലപ്പുറം > കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് പരിപാടിയിൽ മുസ്ലിംലീഗിന്റെ പതാകക്ക് കോൺഗ്രസ് നേതാവ് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാതെ ലീഗ് നേതൃത്വം. നേതാക്കളുടെ മൗനത്തെ പരിഹസിച്ചും കോൺഗ്രസിനെതിരെ പ്രതിഷേധിച്ചും സമൂഹമാധ്യമങ്ങളിൽ ലീഗ് അനുഭാവികൾ രംഗത്തെത്തി. സ്വന്തം കൊടിയെ അപമാനിച്ചിട്ടും നേതാക്കൾ മിണ്ടാത്തത് കോൺഗ്രസിനോടുള്ള അടിമത്തമാണെന്നാണ് ലീഗ് പ്രവർത്തകരുടെ വികാരം. ആറ്റിപ്രയിൽ ആർഎസ്പിയുടെ ഉൾപ്പെടെ കൊടി കെട്ടിയിട്ടും മുസ്ലിംലീഗിന്റേത് കെട്ടാൻ സമ്മതിച്ചില്ല.
കഴക്കൂട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സന (ഗോപാലകൃഷ്ണന്)ലാണ് ലീഗിനെ അധിക്ഷേപിച്ചത്. വേണമെങ്കിൽ മലപ്പുറത്തോ പാകിസ്ഥാനിലോ കൊണ്ടുപോയിക്കെട്ടിക്കോ എന്നു പറഞ്ഞ് കൊടി എടുത്തെറിഞ്ഞതായി ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.
വെമ്പായം നസീർ മുസ്ലിംലീഗുകാരനാണോ എന്നത് അറിയില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത പരിപാടിയിലും ലീഗ് കൊടി വിലക്കിയിരുന്നു. ദൃശ്യങ്ങളിൽ പച്ചക്കൊടി കണ്ടാൽ പാകിസ്ഥാൻ പതാകയാണെന്ന പ്രചാരമുണ്ടാവും എന്നുപറഞ്ഞ് ലീഗ് കൊടി അഴിപ്പിക്കുകയായിരുന്നു. അന്നും മുസ്ലിംലീഗ് നേതൃത്വം പ്രതികരിച്ചില്ല.