കണ്ണൂർ > സഹകരണ മേഖലയിലെ തട്ടിപ്പുകളേറെയും നടത്തിയത് കോൺഗ്രസ് സംഘങ്ങളിലെന്ന് സമ്മതിച്ച് മലയാള മനോരമ. കരുവന്നൂർ ബാങ്ക് അഴിമതി മറയാക്കി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ വാർത്തകൾ ചമയ്ക്കുന്നതിനിടെയാണ് മനോരമയ്ക്കും അറിയാതെ സത്യം പറയേണ്ടി വന്നത്. ജില്ലയിൽ 11 സഹകരണ സ്ഥാപനങ്ങളിലാണ് അപാകം കണ്ടെത്തിയത്. എട്ടും കോൺഗ്രസ് അനുകൂല സംഘങ്ങളാണ്. 11 സ്ഥാപനങ്ങളിലുമായി 17.19 കോടി രൂപയുടെ ബാധ്യതയാണ് കണക്കാക്കിയതെങ്കിലും അതിൽ 14 കോടിയിലേറെ രൂപയും കോൺഗ്രസ് സംഘങ്ങളുടേതാണ്.
ജില്ലയിലെ ചുകപ്പുകോട്ടകളിലൊന്നാണ് കരിവെള്ളൂർ. അവിടെ സിപിഐ എമ്മിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് കരിവെള്ളൂർ സോഷ്യൽ വെൽഫെയർ സഹകരണ സംഘം രൂപീകരിച്ചത്. മുക്കുപണ്ടം പണയംവച്ച് കോൺഗ്രസ് അണികൾ തട്ടിയത് മൂന്ന് കോടിയിലേറെ രൂപയാണ്. തലശേരി താലൂക്ക് റബർ മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ പേരിൽ 300 ഓളം പേരിൽനിന്ന് സുധാകര അനുയായികളും സംഘവും തട്ടിയത് 3.4 കോടി രൂപയാണ്. പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് രണ്ട് കോടിയോളം രൂപയാണ് നിക്ഷേപകർക്ക് തിരിച്ചുനൽകാനുള്ളത്.
പതിനൊന്നിൽ മൂന്നിടത്താണ് മനോരമയ്ക്ക് സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിർത്താനായത്. അതിലൊന്നിൽപോലും അഴിമതിയുടെ സംശയംപോലും ഉന്നയിക്കാനില്ല. മൂന്നിടത്തും പ്രശ്നം ഏതാണ്ട് പരിഹരിച്ചുവരുന്നതായും സമ്മതിക്കുന്നു. അതേസമയം, തീവെട്ടിക്കൊള്ള നടന്ന രണ്ട് ഭരണസമിതികൾകൂടി ജില്ലയിലുണ്ട്.
അതേക്കുറിച്ച് മനോരമ മിണ്ടുന്നില്ല. കോഴിക്കോട് എംപി എം കെ രാഘവൻ പ്രതിയായ അഗ്രീൻകോ തട്ടിപ്പ്. ഇതു സംബന്ധിച്ച കേസ് വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. 77 കോടിയുടെ തട്ടിപ്പെന്നാണ് വിജിലൻസ് കേസ്. വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണുള്ളത്. അതിൽ ഒരു കേസിൽ ഒരു പ്രതിയെ കോടതി ശിക്ഷിച്ചതാണ്. നിക്ഷേപകരിൽനിന്ന് പത്തുകോടിയോളം രൂപയാണ് വെട്ടിച്ചത്.