ബർമിങ്ഹാം > കോമൺവെൽത്ത് ഗെയിംസിന്റെ മൂന്നാംദിനം സങ്കേത് സർഗാർ എന്ന ഇരുപത്തൊന്നുകാരനായിരുന്നു താരം. പരിക്കേറ്റിട്ടും പിൻവാങ്ങിയില്ല സങ്കേത്. ഭാരോദ്വഹനം 55 കിലോ വിഭാഗത്തിൽ പൊരുതിനേടിയ വെള്ളിയുമായാണ് മടക്കം. സ്വർണത്തിനായുള്ള പോരിലാണ് പരിക്കേറ്റത്. മലേഷ്യയുടെ മുഹമ്മദ് അനിഖ് ബിൻ കസ്ദാനാണ് സ്വർണം.
ആകെ 248 കിലോ ഉയർത്തിയാണ് സങ്കേത് രണ്ടാമതായത്. ഒരുകിലോ വ്യത്യാസത്തിലായിരുന്നു മലേഷ്യക്കാരന്റെ സ്വർണം. സ്നാനിച്ചിൽ 113 കിലോ സങ്കേത് ഉയർത്തി. അനിഖിനെക്കാൾ ആറ് കിലോ കൂടുതൽ. ക്ലീൻ ആൻഡ് ജെർക്കിൽ അനിഖ് ആദ്യ ശ്രമത്തിൽ 138 കിലോ ഉയർത്തി. സങ്കേത് 135ഉം. എന്നാൽ, 139 ഉയർത്താനുള്ള ശ്രമത്തിനിടെ ഈ മഹാരാഷ്ട്രക്കാരന് പരിക്കേറ്റു. കെെമുട്ടിലെ വേദനയെത്തുടർന്ന് ഉയർത്താനായില്ല. എങ്കിലും അടുത്തശ്രമവും നടത്തി സങ്കേത്. ഇക്കുറിയും പൊങ്ങിയില്ല. പിന്നാലെ, 142 കിലോ ഉയർത്തി അനിഖ് സ്വർണം സ്വന്തമാക്കി.
കഴിഞ്ഞ നാലുവർഷമായി സങ്കേത് കഠിന പരിശീലനത്തിലായിരുന്നു. സാംഗ്ലിയാണ് സ്വദേശം. ഇന്ത്യയിലെ ഭാരോദ്വഹനത്തിന്റെ ആസ്ഥാനംപോലെയാണ് ഇപ്പോൾ ഈ മഹാരാഷ്ട്ര നഗരം. സാധാരണ കുടുംബത്തിലായിരുന്നു സങ്കേതിന്റെ ജനനം. അച്ഛന്റെ പാൻമസാലക്കടയിലും ചായക്കടയിലുമായിരുന്നു നാലുവർഷം മുമ്പുവരെ സങ്കേത്. മകനെ ഒരു കായികതാരമാക്കണം എന്ന, സങ്കേതിന്റെ അച്ഛൻ മഹാദേവ് സർഗാറുടെ സ്വപ്നമായിരുന്നു എല്ലാത്തിന്റെയും തുടക്കം.
13–-ാംവയസ്സിൽ ഭാരോദ്വഹത്തിലേക്ക് മകനെ വിട്ടു. രണ്ടുവർഷംമുമ്പ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ശിവാജി സർവകലാശാലയ്ക്കായി സ്വർണം നേടിയതോടെ വഴിതെളിഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും ദേശീയ സീനിയർ ചാമ്പ്യനായി. ഈ വർഷം സിംഗപ്പൂരിൽവച്ച് ആദ്യ രാജ്യാന്തര മെഡലും നേടി. ഇതോടെ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടുകയായിരുന്നു. സങ്കേതിന്റെ അടുത്ത ലക്ഷ്യം, 61 കിലോ വിഭാഗത്തിലേക്ക് മാറുക എന്നതാണ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിക്കണമെന്നും ഈ ഇരുപത്തൊന്നുകാരൻ സ്വപ്നം കാണുന്നു.