ബർമിങ്ഹാം > കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യയുടെ പൊൻചിരി വിടർന്നു. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേട്ടവുമായി മിന്നിയ മീരാബായ് ചാനു കോമൺവെൽത്ത് ഗെയിംസിൽ സ്വർണംകുറിച്ചു. കഴിഞ്ഞമേളയിലും സ്വർണമായിരുന്നു മണിപ്പുരുകാരിക്ക്. 49 കിലോ വിഭാഗത്തിലായിരുന്നു പോരാട്ടം.
എതിരാളികളെ അനായാസം പിന്നിലാക്കിയായിരുന്നു ചാനു ഭാരങ്ങൾ കീഴടക്കിയത്. സ്നാച്ചിൽ കോമൺവെൽത്ത് റെക്കോഡോടെയായിരുന്നു നേട്ടം. ആദ്യശ്രമം 84, രണ്ടാംശ്രമം 88. 90 കിലോ ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. ദേശീയ റെക്കോഡിനൊപ്പമെത്തി.
ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യം ഉയർത്തിയത് 109 കിലോ. രണ്ടാം ശ്രമത്തിൽ 113. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 201 കിലോ. ഗെയിംസ് റെക്കോഡാണ്. ടോക്യോ ഒളിമ്പിക്സിൽ ആകെ 202 കിലോയാണ് ഉയർത്തിയത്. റിയോ ഒളിമ്പിക്സിലെ പരാജയത്തിനുശേഷം അത്ഭുകരമായ തിരിച്ചുവരവായിരുന്നു ചാനു ടോക്യോയിൽ നടത്തിയത്. അതിന്റെ തുടർച്ചയായിരുന്നു ഇരുപത്തേഴുകാരിക്ക് ബർമിങ്ഹാമിൽ.
2017 ലോക ചാമ്പ്യൻഷിപ്പിലും സ്വർണമായിരുന്നു. മൂന്നാംകോമൺവെൽത്ത് ഗെയിംസാണ്. 2014ൽ ഗ്ലാസ്ഗോയിൽ വെള്ളി കിട്ടി. 2018ൽ ഗോൾഡ് കോസ്റ്റിൽ എത്തിയപ്പോൾ അത് സ്വർണമായി. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായി മേജർ ധ്യാൻചന്ദ് ഖേൽരത്നാ പുരസ്കാരം 2018ൽ ലഭിച്ചു.