കോട്ടയം> എരുമേലി തുമരംപാറയില്‍ ശക്തമായ മലവെള്ളപാച്ചില്‍. തുമരംപാറ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു സമീപത്തെ റോഡുകളിലും വെള്ളം കയറി. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. ഒരു മണിക്കൂറായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്.അതേസമയം, വരുന്ന രണ്ടുദിവസം ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ സേനയുടെ നിര്‍ദേശമുണ്ട്. കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ പതിമൂന്ന് ജില്ലകളിലും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്.
വൈകിട്ട് നാല് മണിക്ക് ശേഷമുള്ള അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് തുടരുകയാണ്.
മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 3 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.