കോഴിക്കോട്> അശേഷം ജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഫ്യൂഡല്‍ പാര്‍ട്ടിയായാണ് മുസ്ലിം ലീഗ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് ഐഎന്‍എല്‍. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെ ശബ്ദിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയെ സസ്പെന്‍ഡ് ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി.
ലീഗില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇത്തരം പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന സ്വാഭാവിക പ്രതിസന്ധിയാണ്. നേതാക്കളുടെ കൊള്ളരുതായ്മക്കെതിരെ പാര്‍ട്ടി വേദിയില്‍ സംസാരിച്ചതിന് അച്ചടക്ക നടപടിയെടുക്കുന്ന ഏര്‍പ്പാട് മുസ്ലിം ലീഗില്‍ അല്ലാതെ മറ്റൊരു പാര്‍ട്ടിയിലും കാണാനാവില്ല. എന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് ലീഗ് എന്ന തമാശ വിളമ്പുകയാണ് പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി. അധികാരമില്ലാതെ പാര്‍ട്ടിക്ക് ഒരിഞ്ച് മുന്നോട്ട് പോവാനാവില്ല. മുന്‍കാലങ്ങളില്‍ നേതാക്കള്‍ പാര്‍ട്ടി ഫണ്ട് സ്വന്തം കീശയിലാക്കിയത് പോലെ ഹദിയയുടെ പേരില്‍ പിരിച്ച 12 കോടിയും മുക്കുമോ എന്ന വേവലാതിയാവണം നേതാക്കള്‍ക്കെതിരെ തുറന്നടിക്കാന്‍ ചിലരെയെങ്കിലും പ്രരിപ്പിച്ചിത്.
പ്രവര്‍ത്തന രഹിതമായ ദേശീയ കമ്മിറ്റിക്കുവേണ്ടി ഫണ്ട് കൈക്കലാക്കാനുള്ള ശ്രമത്തിനെതിരെ സംഘടിത നീക്കമുണ്ടായത് മാറ്റത്തിന്റെ തുടക്കമാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ലീഗിന്നകത്ത് പ്രതീക്ഷിക്കാമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.