തിരുവനന്തപുരം> പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ആഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ഡിപിഐ ജവഹർ സഹകരണ ഭവനിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകാനാണ് തീരുമാനം. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നൽകുന്നത്. ഇതിൽ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തിയത്.
മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളിൽ മിൽമയുടെ യുഎച്ച്ടി പാൽ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.