ഒറ്റപ്പാലം> എസ്എഫ്ഐ അവകാശപ്പത്രികാ മാർച്ചിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിച്ചെന്ന എസ്ഡിപിഐ– യൂത്ത് കോൺഗ്രസ് കള്ളപ്രചാരണത്തിന് ഒത്താശയായി ചാനലുകൾ അവതരിപ്പിച്ച ‘ബിരിയാണിക്കഥ’യും പൊളിഞ്ഞു. സമരത്തിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി നൽകമെന്ന് പറഞ്ഞിരുന്നതായി ചാനൽ അഭിമുഖത്തിൽ ‘പറഞ്ഞ’ പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി.
എസ്ഡിപിഐ– യൂത്ത് കോൺഗ്രസ് കള്ളപ്രചാരണത്തെ തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ നിയോഗിച്ച അധ്യാപക കമീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ വിദ്യാർഥികളിൽ ചിലരെ പറഞ്ഞുപഠിപ്പിച്ച് മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമാകാത്ത പല വിദ്യാർഥികളും കഥ പറയാൻ മാധ്യമങ്ങൾക്കൊപ്പം കൂടിയിരുന്നു.
യൂത്ത് കോൺഗ്രസ്– കോൺഗ്രസ് അക്രമത്തിൽ 2 പേർക്ക് പരിക്ക്
എസ്എഫ്ഐ സമരത്തിനെതിരായ ‘ബിരിയാണിക്കഥ’പൊളിഞ്ഞ ജാള്യം മറയ്ക്കാൻ ആക്രമണം നടത്തി യൂത്ത് കോൺഗ്രസ്– കോൺഗ്രസ് പ്രവർത്തകർ. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക കമീഷന്റെ കണ്ടെത്തലിനെ ചോദ്യം ചെയ്ത് നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂളിലെ എസ്എംസി ചെയർമാൻ നഗരിപ്പുറം സ്വദേശി സി അബ്ദുൾ റഹ്മാൻ(48), എസ്എഫ്ഐ ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം കൂനത്തറ കോട്ടയിൽ ദീപക് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അക്രമം.
യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി പി എച്ച് ഷക്കീർ ഹുസൈൻ, ലെക്കിടി– പേരൂർ മണ്ഡലം ദീപക് കോൽക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ദീപക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അബ്ദുൾറഹ്മാൻ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അക്രമികൾക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എസ്എഫ്ഐ പത്തിരിപ്പാല ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി ഇ പി ഗോപികയേയും പ്രവർത്തകരെയും എസ്ഡിപിഐ പ്രവർത്തകൻ ആക്രമിച്ചിരുന്നു.