എല്ലാ പഞ്ചായത്തിലും എത്തിക്കും:
മന്ത്രി എം വി ഗോവിന്ദൻ
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഗ്രാമവണ്ടിപദ്ധതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ. അതിലൂടെ ഗ്രാമവണ്ടി ലോകത്തിൽതന്നെ പുതിയ അധ്യായം രചിക്കുമെന്നും കേരള ചരിത്രത്തിലെ പുത്തൻ നാഴികക്കല്ലാണിതെന്നും കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ സംസ്ഥാന ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഉൾനാട്ടിലെ ജനങ്ങൾക്ക് തങ്ങളുടെ ബസായി ഓടുന്ന ഗ്രാമവണ്ടി ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ ആറുവർഷത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ ഗ്രാമവണ്ടിയും മഹത്തായ പദ്ധതിയായി മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലയിൽ ധനുവച്ചപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ഗ്രാമവണ്ടിയുടെ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
വാടകയ്ക്കെടുത്തും
സർവീസ് ആലോചനയിൽ:
ആന്റണി രാജു
സെപ്തംബറോടെ എല്ലാ ജില്ലയിലെയും വിവിധ പഞ്ചായത്തുകളിൽ ഗ്രാമവണ്ടി പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ചെറിയ വണ്ടികൾക്കു മാത്രം പോകാൻ കഴിയുന്ന പ്രദേശങ്ങളിലേക്ക് സ്വകാര്യ വ്യക്തികളിൽനിന്ന് വണ്ടി വാടകയ്ക്കെടുത്തും സർവീസ് നടത്താൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലായിടത്തും ഗ്രാമവണ്ടി ഓടിത്തുടങ്ങിയാൽ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും യാത്രാക്ലേശം പരിഹരിക്കാനും സാധിക്കും. ഒപ്പം സ്പോൺസർമാരുടെ പരസ്യങ്ങൾ ബസിൽ പതിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗ്രാമവണ്ടി തുടങ്ങിയത്. ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങളോ സ്പോൺസർ ചെയ്യുന്നവരോ നൽകണം. ജീവനക്കാരുടെ താമസം, വാഹനം നിർത്തിയിടൽ സുരക്ഷ എന്നിവ തദ്ദേശസ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവ കെഎസ്ആർടിസിയുമാണ് വഹിക്കുന്നത്.