തിരുവനന്തപുരം> ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുമെന്ന്മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള മാർഗനിർദേശം പുറത്തിറങ്ങി. ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സർക്കാർ നിർദേശിച്ച പ്രവർത്തന ഘടകങ്ങളെയാകും ഗ്രേഡിംഗിനായി വിലയിരുത്തുക. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ അജൈവ മാലിന്യത്തിൻറെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിൻറെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം ചെയ്യൽ, മാലിന്യ സംസ്കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കായാണ് വിലയിരുത്തൽ. പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും പരിശോധിക്കും.
പരിശോധനാ സംഘങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം നേരിട്ട് സന്ദർശിച്ചാകും മാർക്ക് ഇടുന്നത്. ഇവർക്ക് ഇതിനായി കില മുഖേന പരിശീലനം നൽകും. 70 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് എ ഗ്രേഡും ഗ്രീൻ കാറ്റഗറിയും, 70 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലുള്ളവർക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും, 50 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളവർക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നൽകും. 20 ശതമാനത്തിൽ താഴെ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നൽകുന്നത്.
ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറും, ജില്ലാ തലത്തിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കൺവീനറും ഹരിതകേരള മിഷൻ കോർഡിനേറ്റർ കോർഡിനേറ്ററുമായ സമിതികളാണ് പരിശോധിക്കുക. കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അധ്യക്ഷൻ. സംസ്ഥാന തലത്തിലെ സൂപ്പർ ചെക്കിംഗ് ടീമിൻറെ ചെയർമാൻ തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ പ്രിൻസിപ്പൽ ഡയറക്ടറാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷയും നവകേരള കർമ്മ പദ്ധതി 2 കോർഡിനേറ്റർ കോ ചെയർപേഴ്സണുമായ സംസ്ഥാനതല ശുചിത്വ ഗ്രേഡിംഗ് സമിതിയും പ്രവർത്തിക്കും.
മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന് നടപടി സഹായകരമാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിംഗ് വഴി, ഓരോ പ്രദേശത്തിൻറെയും പോരായ്മയും, മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു