കൊച്ചി> മുഖ്യമന്ത്രിക്കെതിരായ അക്രമ സമരത്തിനു വീണ്ടും തുടക്കം കുറിച്ച് കോണ്‍ഗ്രസ്. കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്കു ചാടി കോണ്‍ഗ്രസ് പ്രവര്ത്തകന് അക്രമത്തിനു മുതിര്‍ന്നത്.
അണ് ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ് ഭാരവാഹിയായ സോണി പനന്താനമാണ് വാഹനത്തിനു മുന്നിലേക്കു ചാടിയത്. വാഹനം നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചു മാറ്റിയശേഷമാണ് യാത്ര തുടര്‍ന്നത്. പിടിച്ചു മാറ്റുന്നതിനിടയില്‍ ഇയാള്‍ വാഹനത്തിന്റെ ചില്ലില്‍ ഇടിച്ചും പ്രകാപനമുണ്ടാക്കി. പിന്നില്‍ വന്ന പൊലീസ് വാഹനം അക്രമിയെ കസ്റ്റഡിയിലെടുത്തു തൃക്കാക്കര പൊലീസിനു കൈമാറി.
എറണാകുളം നഗരത്തില്‍ കോണ്‍ഗ്രസ് സമരവുമായി ബന്ധപ്പെട്ട നിരവധി അക്രമ സംഭവങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിക്കുനേരെ രാവിലെ കളമശേരിയിലും ആലുവയിലും കരിങ്കൊടി കാണിക്കല്‍ എന്ന പേരില്‍ അക്രമത്തിനു ശ്രമമുണ്ടായി.കോണ്‍ഗ്രസ് തുടര്‍ച്ചയായി നടത്തുന്ന അക്രമ സമരം വിമാനത്തിലെ അക്രമ സംഭവങ്ങളെ തുടര്‍ന്നുണ്ടായ രൂക്ഷ വിമര്‍ശനത്തോടെ കെട്ടടങ്ങിയിരുന്നെങ്കിലും വീണ്ടും തുടങ്ങുന്നതിന്റെ സൂചനയാണ് വെള്ളിയാഴ്ചത്തെ അക്രമങ്ങള്‍.