തിരുവനന്തപുരം
വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങൾക്ക് രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആർഎസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാം. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും.
വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെൻട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
രോഗ നിയന്ത്രണത്തിനും ബോധവൽക്കരണത്തിനുമായാണ് ലോക ഒആർഎസ് ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള പോസ്റ്റർ മന്ത്രി പ്രകാശിപ്പിച്ചു.