മലപ്പുറം> തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ നിർവാഹകസമിതി (സിൻഡിക്കറ്റ്) അംഗങ്ങളായി കെ വി ശശി, ഡോ. സ്മിത കെ നായർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.സർവകലാശാലയുടെ പൊതുസഭയിലേക്ക് ( ജനറൽ കൗൺസിൽ ) ഡോ. കെ എം അനിൽ കെ വി ശശി, ഡോ.സ്മിത കെ നായർ , ഡോ. ആർ ധന്യ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയിൽനിന്നാണ് നിർവാഹക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
മലയാള സർവകലാശാലാ അധ്യാപക സംഘടന (മാസ് ) അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടവർ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2012 ൽ രൂപീകരിച്ചെങ്കിലും അധ്യാപക സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും സ്റ്റാറ്റ്യൂട്ടുകൾ നിർമിക്കാനോ അതിനനുസരിച്ച് പൊതുസഭ (ജനറൽ കൗൺസിൽ), നിർവാഹകസമിതി (സിൻഡിക്കറ്റ്) തുടങ്ങിയ ഭരണാധികാര സഭകൾ ശാസ്ത്രീയമായി രൂപീകരിക്കാൻ മുൻ വി സി ഡോ.കെ ജയകുമാർ തയ്യാറായിരുന്നില്ല. 2018 ൽ ഡോ.അനിൽ വള്ളത്തോൾ വി സിയായി നിയമിതനായശേഷമാണ് സ്റ്റാറ്റ്യൂട്ട് നിർമിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരസഭകൾ നിയമപരമായി പുനഃസംഘടിപ്പിച്ചതും. പിന്നീട് നാല് വർഷത്തിനുശേഷം ഇതാദ്യമായാണ് ഈ സഭകളിൽ അധ്യാപകപ്രതിനിധികൾ അംഗങ്ങളാകുന്നത്.
സർവകലാശാല ജനാധിപത്യപരമായി പുനർവിഭാവനം ചെയ്യപ്പെടുന്നതിൻ്റെ ആരംഭ പ്രവർത്തനമാണിതെന്നും ഇതിന് മുൻകൈയെടുത്ത സർവകലാശാലയെഅഭിവാദ്യം ചെയ്യുന്നതായും മലയാള സർവകലാശാലാ അധ്യാപക സംഘടന (മാസ് ) പ്രസിഡൻ്റ് ഡോ.അശോക് ഡിക്രൂസും സെക്രട്ടറി കെ വി ശശിയും പ്രസ്താവനയിൽ പറഞ്ഞു.