ബർമിങ്ഹാം
പരിശീലകയെ ഒപ്പംകൂട്ടാൻ അനുവദിക്കുന്നില്ലെന്ന വനിതാ ബോക്സർ ലവ്ലിന ബൊർഗോഹയ്നിന്റെ പരാതിക്ക് പരിഹാരവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക് വെങ്കലജേതാവിന്റെ പരിശീലകയായ സന്ധ്യ ഗുരുങ്ങിന് ക്യാമ്പിനകത്തേക്ക് പ്രവേശന അനുമതി നൽകി. ഇതോടെ ലവ്ലിനയ്ക്ക് മുഴുവൻസമയവും പരിശീലകയെ ലഭ്യമാകും. ഇന്ത്യൻ ക്യാമ്പിൽ വേർതിരിവ് നേരിടുന്നുവെന്നും പരിശീലകയെവരെ ലഭ്യമാകുന്നില്ലെന്നും ലവ്ലിന ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഐഒഎയുടെ ഇടപെടൽ.
ഒളിമ്പിക് വെങ്കലജേതാവായ പുരുഷ ഗുസ്തി താരം ബജ്റങ് പൂണിയയും ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിട്ടുണ്ട്.നിലവിലെ ലോക ചാമ്പ്യൻ നിഖാത് സരീനാണ് വനിതകളിൽ ലവ്ലിനയെ കൂടാതെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. പുരുഷന്മാരിൽ അമിത് പംഗൽ, ശിവ് ഥാപ്പ, സഞ്ജീത് കുമാർ എന്നിവരും മെഡൽ പ്രതീക്ഷിക്കുന്നു.