ന്യൂഡൽഹി
കർഷകരെയും കൃഷിയെയും വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. നേതാക്കൾ സമർപ്പിച്ച അവകാശപത്രിക സ്വീകരിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്, നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ജന്തർ മന്ദിറിൽ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി അധ്യക്ഷനായി. വനനിയമം ഭേദഗതി ചെയ്യുക, വനാതിർത്തിയിൽ ട്രഞ്ചുകൾ കുഴിച്ച് നാലുമീറ്റർ ഉയരത്തിൽ വേലി തീർക്കുക, വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അമ്പതു ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് പത്തുലക്ഷവും നഷ്ടപരിഹാരം നൽകുക, വിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കുള്ള വനം വകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമർപ്പിച്ചത്.
കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെ, എംപിമാരായ എളമരം കരീം, വി ശിവദാസൻ, കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. അശോക് ധാവ്ളെ, എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, വത്സൻ പാനോളി, പി കൃഷ്ണപ്രസാദ് എന്നിരവടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിക്ക് അവകാശപത്രിക സമർപ്പിച്ചത്.