തിരുവനന്തപുരം > ആരോഗ്യമന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ അലജാന്ദ്രോ സിമൻകാസ് മാരിൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡിനെ ക്യൂബ നേരിട്ടവിധം വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവർത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലും പ്രാഥമികാരോഗ്യതലം ശക്തമാണ്. കോവിഡ്, നിപാ തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഈ ആരോഗ്യ അടിത്തറ കാരണമാണ്. കുടുംബ ഡോക്ടർ പദ്ധതി, റഫറൽ സംവിധാനങ്ങൾ, വാക്സിൻ, മരുന്ന് ഉൽപ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുമെന്നും അംബാസഡർ പറഞ്ഞു.
കോവിഡ്, നിപാ, മങ്കിപോക്സ് തുടങ്ങിയ പകർച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്നവിധം മന്ത്രി വിശദീകരിച്ചു. ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. വേണു രാജാമണി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എസ്എച്ച്എസ്ആർസി എക്സി. ഡയറക്ടർ ഡോ. ജിതേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.