തിരുവനന്തപുരം> പല തലത്തില് വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്ക്കാര് മുന്നോട്ടു പോവുകയാണ്. പശ്ചാത്തല സൗകര്യ വികസനത്തിലുണ്ടായ പ്രകടമായ മാറ്റം അതിന്റെ ഒരു ഭാഗമാണ്. ദേശീയപാതാ വികസനത്തില് കഴിഞ്ഞ ആറ് വര്ഷം കൊണ്ട് ഗണ്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് (എൻഎച്ച് 966), കൊച്ചി, മൂന്നാർ, തേനി (എൻഎച്ച് 85), കൊല്ലം, ചെങ്കോട്ട (എൻഎച്ച് 744) എന്നീ ദേശീയപാതകളുടെ വികസനം നാഷണൽ ഹൈവേ അതോറിറ്റിയുടെ പരിഗണനയിൽ വന്നതുതന്നെ സർക്കാരിൻറെ നിരന്തരമായ ഇടപെടലിൻറെ ഫലമായാണ്. തലസ്ഥാനനഗരത്തിൻറെ വികസനത്തിന് വലിയ തോതിൽ ഉതകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിർണ്ണായകനേട്ടമാണ്.
ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽ നഷ്പരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറി. അതോടെ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് എൽഡിഎഫ് സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്.
ദേശീയപാത 66ൻറെ വികസനത്തിനായി 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 1065 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കലാണ് പൂർത്തിയാക്കിയത്. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ൻറെ ഭാഗമായുള്ള 11,571 കോടിയുടെ ആറ് പദ്ധതികളാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിൻറെ ഭാഗമായി ആകെ 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് തയ്യാറാക്കിയത്. 2022 ജൂലൈ 16 ൻറെ കണക്കനുസരിച്ച് 19,878 കോടി രൂപ വിതരണം ചെയ്തു.
ദേശീയപാത 66ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതിൽ 15 റീച്ചിൽ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ അവാർഡ് ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നു. അരൂർ – തുറവൂർ സ്ട്രെച്ചിൽ എലവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്. 2011- 16 ലെ യുഡിഎഫ് സർക്കാർ ദേശീയപാതാ വികസനത്തിൽ കടുത്ത അലംഭാവം കാട്ടി. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ പാതാ വികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുപോലും ആ സർക്കാരിൻറെ സംഭാവന പൂർണമായും ശ്യൂന്യമായിരുന്നു.
2010 ഏപ്രിൽ 20ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ദേശീയ പാതയുടെ വീതി 45 ൽ നിന്നും 30 മീറ്റർ ആയി കുറച്ച് നിശ്ചയിക്കാൻ ധാരണയായിരുന്നു. എന്നാൽ ഇത് കേന്ദ്രം നിരാകരിച്ചു. തുടർന്ന് 17-08-2010 ന് വീണ്ടും സർവ്വകക്ഷി യോഗം ചേർന്ന് ദേശീയ പാതയുടെ വീതി 45 മീറ്ററായി പുനർനിശ്ചയിച്ചു. പിന്നീടുവന്ന യുഡിഎഫ് ഭരണത്തിൽ ഭൂമി ഏറ്റെടുക്കൽ മുന്നോട്ടു നീങ്ങിയില്ല. അഡ്മിനിസ്ട്രേറ്റീവ് ചാർജായി ഇരുപത് കോടിയിലധികം ചെലവഴിച്ചെങ്കിലും ഒരിഞ്ചുഭൂമിപോലും ഏറ്റെടുത്തുനൽകാൻ അന്നത്തെ സർക്കാരിന് കഴിഞ്ഞില്ല.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ആർപി സിംഗ് 2013 മാർച്ച് 20, ന് അന്നത്തെ മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ പണിയും ഉപേക്ഷിക്കാൻ തങ്ങൾ നിർബന്ധിതമാവുകയാണെന്ന് അറിയിയിക്കുകയാണുണ്ടായത്. തുടർന്ന്, 2013 ൽ തന്നെ കേന്ദ്ര സർക്കാർ എൻഎച്ച് 17 ൻറെ കേരള -കർണാടക അതിർത്തി മുതൽ ഇടപ്പള്ളി വരെയുള്ള സ്ട്രെച്ചും എൻഎച്ച് 47 (എൻഎച്ച് 66) ൻറെ ചേർത്തല- കഴക്കൂട്ടം സ്ട്രെച്ചും ദേശീയ ഹൈവേ വികസന പദ്ധതിയിൽ നിന്നും ഡീനോട്ടിഫൈ ചെയ്തു.
സംസ്ഥാനം വേണ്ട രീതിയിൽ ഇടപെടൽ നടത്താഞ്ഞതിനാൽ ഈ കാലയളവിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ പരിപൂർണ ശ്രദ്ധയും വിഭവങ്ങളും നമുക്ക് നഷ്ടപ്പെട്ടു; അയൽ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്ന അവസ്ഥവന്നു. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് ദേശീയപാതാ അതോറിറ്റി അവരുടെ ഓഫീസ് അടച്ച് കേരളം വിട്ടത്.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട അന്നത്തെ കാര്യങ്ങൾ എത്ര ദയനീയമായിരുന്നു എന്ന് ഓർക്കാനാണ് ഇത് ഇവിടെ പറയുന്നത്. യുഡിഎഫ് സർക്കാർ ആത്മാർത്ഥമായ പരിശ്രമം നടത്തിയില്ലെന്ന് മാത്രമല്ല അങ്ങേയറ്റം കുറ്റകരമായ അലംഭാവം കാട്ടുകയും ചെയ്തു. 2014 ജൂലൈ നാലിന് കേന്ദ്ര റോഡ് ട്രാൻസ്പോർട് & ഹൈവേ മന്ത്രി അന്നത്തെ മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ദേശീയപാതാ വികസനത്തിനായുള്ള 80% ഭൂമിയെങ്കിലും ഏറ്റെടുത്ത് കേന്ദ്ര സർക്കാരിന് നൽകിയാൽ മാത്രമേ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീണ്ടും പദ്ധതി ഏറ്റെടുക്കുവാൻ സാധിക്കുകയുള്ളൂവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ പിന്നീടും ഒരു പുരോഗതിയും ഉണ്ടായില്ല. ചില നിക്ഷിപ്ത താല്പര്യക്കാർക്കുമുന്നിൽ യുഡിഎഫ് സർക്കാരിന്റെ മുട്ടുവിറച്ചു.
യുഡിഎഫ് സർക്കാരിൻറെ 2016 വരെയുള്ള കാലയളവിൽ 27 കിലോമീറ്റർ നീളമുള്ളതും പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്തതുമായ തിരുവനന്തപുരം ബൈപ്പാസിൻറെ നിർമ്മാണം മാത്രമാണ് ആരംഭിച്ചത്. 2015 ലാണ് അത് ആരംഭിച്ചത്. ആകെയുള്ള 645 കിലോമീറ്ററിൽ വെറും 27 കിലോമീറ്ററാണ് തിരുവനന്തപുരം ബൈപ്പാസ്. മുക്കോല മുതൽ കാരോട് വരെയുള്ള 16 കിലോമീറ്റർ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതാണ് യുഡിഎഫ് സർക്കാരിൻറെ സംഭാവന എന്ന് പറയാവുന്നത്. 2016 ൽ അധികാരത്തിൽ വന്നപ്പോൾ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ദേശീയ പാതാ വികസനം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയത്.
സംസ്ഥാനത്തിൻറെ വികസന പദ്ധതികൾക്ക് സ്ഥലം വിട്ടുനൽകേണ്ടിവരുന്നവർ ഒരുതരത്തിലും ദു:ഖിക്കേണ്ടിവരില്ല എന്നും സർക്കാർ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടുന്നവരുടെ കൂടെ സർക്കാരുണ്ടാകുമെന്നും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. 2016 മേയ് 25 നായിരുന്നു എൽഡിഎഫ് സർക്കാരിൻറെ സത്യപ്രതിജ്ഞ. അധികാരമേറ്റ് ഇരുപത് ദിവസത്തിനകം തന്നെ, ജൂൺ 15 ന് തന്നെ ഉന്നതതല യോഗം ചേർന്ന് പദ്ധതി വിലയിരുത്തി. പണി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള തീരുമാനങ്ങളെടുത്തു. പിന്നീട് മുഖ്യമന്ത്രി എന്ന നിലയിൽ നേരിട്ടും പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലും മറ്റു മന്ത്രിമാരെ പങ്കെടുപ്പിച്ചിട്ടും തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തി.
ഇങ്ങനെ സംസ്ഥാനത്തെ ഓരോ മേഖലയിലെയും വിഷയങ്ങൾ വിശദമായി പരിശോധിച്ചു പരിഹാരങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ ഇടപെടലാണുണ്ടായത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് എല്ലാ മാസവും സമർപ്പിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ജില്ലാ കളക്ടർമാർ നോഡൽ ഓഫീസർ മുഖാന്തിരം റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എല്ലാ മാസവും പ്രവൃത്തി പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് തീരുമാനിച്ചു. അലൈൻമെൻറിന് ഭേദഗതി നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ നടത്തി ഏതാണ് അനുയോജ്യമെന്ന് സംയുക്തപരിശോധന നടത്തി തീരുമാനിക്കാൻ ധാരണയാക്കി. സർവ്വേ നടക്കുന്ന സ്ഥലത്ത് എന്ത് നഷ്ടപരിഹാരം കിട്ടുമെന്ന് ഭൂ ഉടമകളെ ബോധ്യപ്പെടുത്തി. ഖജനാവിന് അധിക ബാധ്യത ഉണ്ടാക്കാതെ, പരമാവധി നഷ്ടങ്ങൾ കുറച്ച്, അലൈൻമെൻറ് തീരുമാനിക്കണം എന്നാണ് നിശ്ചയിച്ചത്.
ഭൂമി ഏറ്റെടുക്കൽ മുടക്കാൻ അനേകം തടസ്സങ്ങൾ പലകോണുകളിൽ നിന്നും വന്നു. സമരങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. മഴവിൽ മുന്നണികൾക്കൊപ്പം കോൺഗ്രസ്സും ബിജെപിയും പരസ്യമായി രംഗത്തിറങ്ങി. നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. വ്യാജ കഥകൾ വലിയ തോതിൽ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണു പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്ര മന്ത്രി തന്നെയായിരുന്നു. കീഴാറ്റൂർ കേരളത്തിലെ സിപിഐഎമ്മിൻറെ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം. കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് 2018 സെപ്റ്റംബർ 14ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡൻറ് കേന്ദ്ര ഹൈവേ മന്ത്രിക്ക് കത്തെഴുതി. സ്ഥലം ഏറ്റെടുക്കൽ ദ്രുതഗതിയിൽ മുന്നോട്ടുപോയ ഘട്ടത്തിലായിരുന്നു ഈ ഇടപെടൽ. തുടർന്ന് നിർമാണം വൈകിപ്പിച്ചു കൊണ്ടുള്ള കേന്ദ്രത്തിൻറെ ഉത്തരവ് വന്നു. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ സ്ഥലം ഏറ്റെടുപ്പ് ഏകദേശം 80 ശതമാനവും തെക്കൻ ജില്ലകളിൽ 50 ശതമാനവും പൂർത്തിയായിരുന്നു.
ഇതേ ഘട്ടത്തിൽ തന്നെ കാസർകോട് ഒഴികെയുള്ള ജില്ലകളെ കേന്ദ്ര സർക്കാർ ദേശീയപാതാ വികസനത്തിൻറെ ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി രണ്ടാം പട്ടികയിലേക്ക് മാറ്റി. ഈ ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിൻറെ ഉത്തരവ് വന്നു. ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബിജെപി എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. പിന്നീട് 2019 ജൂൺ മാസത്തിൽ പ്രതിഷേധങ്ങളുടെയും ചർച്ചകളുടെയും ഫലമായി കേരളത്തിലെ ദേശീയപാത വികസനത്തെ ഒന്നാം പരിഗണനാ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.
ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. അപ്പോഴും ചെലവിൻറെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്. ആദ്യ ഘട്ടത്തിൽ, ഭൂമി ഏറ്റെടുക്കൽ ചെലവിൻറെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും നിലപാട്. പിന്നീട് തുടർ ചർച്ചകൾക്ക് ശേഷമാണ് 25 ശതമാനം എന്ന നിലയിലേക്ക് കേന്ദ്രസർക്കാർ വഴങ്ങിയത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിൻറെ 25 ശതമാനം സംസ്ഥാനം നൽകേണ്ടി വന്നത് ദേശീയപാതാ വികസനം വൈകിപ്പിച്ച യുഡിഎഫും തടസ്സപ്പെടുത്താൻ ശ്രമിച്ച ബിജെപിയും ചേർന്ന് നമ്മുടെ തലയിൽ കെട്ടിവെച്ച അധിക ബാധ്യതയാണ്.
5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സർക്കാർ ചെലവഴിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൻറെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ എൽഡിഎഫ് സർക്കാറിനായി. മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പരമാവധി നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്. ദേശിയപാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം വികസനം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യകതമാക്കിയിട്ടുള്ളത്. കഴക്കൂട്ടം ഫ്ളൈ ഓവർ ഒക്ടോബറിൽ തുറക്കാൻ കഴിയുമെന്നാണ് അിറയിച്ചിട്ടുള്ളത്. മാഹി-തലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാർച്ചിൽ പൂർത്തിയാകും. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് തുറക്കുന്ന സമയം പെട്ടെന്നുതന്നെ അറിയിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തിൻറെ ഗതാഗത പ്രശ്നപരിഹാരത്തിന് വലിയ മുതൽക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഇതിന് സഹകരണം നൽകിയ ജനങ്ങളുടെ വിജയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.