തിരുവനന്തപുരം > കൈക്കൂലി വാങ്ങിക്കുന്നതിനിടെ റവന്യു ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. തിരുവനന്തപുരം താലൂക്ക് സർവേയർ ഗിരീഷിനെയാണ് പതിനായിരം രൂപയുമായി പിടിച്ചത്. ചിറയിൻകീഴ് സ്വദേശി അബ്ദുൽ വാഹിദിന് മുരുക്കുംപുഴയിലുള്ള രണ്ടേക്കർ പുരയിടത്തിൽ പകുതി ഇയാൾ ഗൾഫിലായിരുന്നപ്പോൾ പരേതയായ സഹോദരിയുടെ മകന്റെ പേരിലേക്ക് ബന്ധുക്കൾ മാറ്റിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇത്. ഗൾഫിൽ നിന്നെത്തിയ അബ്ദുൽ വാഹിദ് ഈ ഭൂമി ഭൂമി തിരികെ ലഭിക്കാൻ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് കലക്ടർ താലൂക്ക് സർവേയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പലതവണ വാഹിദ് ഗിരീഷിനെ കണ്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഗിരീഷ് പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇക്കാര്യം അബ്ദുൽ വാഹിദ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്പി കെ ഇ ബൈജുവിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എം പ്രസാദ്, സിഐ സിയാഹുൽ ഹഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഗിരീഷിനെ പിടികൂടിയത്.
എസ്ഐ ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, പ്രവീൺ, കൃഷ്ണകുമാർ, ജയൻ, ജയകുമാർ, നിസാമുദീൻ, അജേഷ്, സിവിൽ പൊലീസ് ഓഫീസർ സാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
ടോൾഫ്രീ നമ്പർ: 1064. ഫോൺ: 8592900900, വാട്സാപ്: 9447789100. Highlights : അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ടോൾഫ്രീ നമ്പർ: 1064. ഫോൺ: 8592900900, വാട്സാപ്: 9447789100.