തിരുവനന്തപുരം > ഈ വർഷവും സംസ്ഥാന സർക്കാർ ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. 425 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13 തവണ കിറ്റ് വിതരണം നടത്തി. 5500 കോടി ചെലവാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചെലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. അതിന് തടസമാകുന്ന നിലയിൽ ചില കാര്യങ്ങൾ ഉയർന്നു വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേലെ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തുന്നു. കോവിഡ് പ്രത്യാഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന് രാജ്യം കൂടുതൽ ഇടപെടേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.