കൊച്ചി > തിയറ്റർ റിലീസിന് 56 ദിവസത്തിന് ശേഷം മാത്രം ഒടിടിയിൽ റിലീസ് അനുവദിക്കാവൂ എന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്. ഓണം റിലീസ് മുതൽ ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബറിന് ബുധനാഴ്ച കത്ത് നൽകുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിയറ്ററിൽ സിനിമ റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷമേ ഒടിടിയിൽ നൽകാവൂ എന്നതാണ് നിലവിലുള്ള നിബന്ധന. പല ചിത്രങ്ങളും ഇത് പാലിക്കുന്നില്ല. തിയറ്ററിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോൾ ഒടിടിയിൽ നൽകുന്നത് അംഗീകരിക്കാനാവില്ല. ഇത് ലംഘിക്കുന്ന നിർമാതാക്കളുമായും താരങ്ങളുമായും ഫിയോക്ക് സഹകരിക്കില്ല.
ഒടിടിയ്ക്ക് വേണ്ടി എടുക്കുന്ന ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകുന്നതിൽ പ്രശ്നമില്ല. പണം മുടക്കി ചിത്രം നിർമിക്കുന്നയാളുടെ അവകാശമാണ് എവിടെ പ്രദർശിപ്പിക്കണമെന്നത്. എന്നാൽ, കേരള ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമ ഒടിടിക്ക് നൽകിയാൽ പിന്നീട് അവരുടെ ഒരു സിനിമയും തീയറ്ററിൽ എടുക്കില്ല. മോഹൻലാൽ ചിത്രങ്ങൾ പോലും ആ നിബന്ധന ലംഘിച്ചാൽ ഫിയോക്ക് വിലക്കും. ഒടിടിയിലേയ്ക്ക് സ്ഥിരമായി പോകുന്ന ഒരു നടൻമാർക്കും നിലനിൽപില്ല. സൂര്യയുടെയും ടൊവിനോ തോമസിന്റെ ചിത്രങ്ങൾ തിയറ്ററിൽ ചലനമുണ്ടാക്കത്തത് അതു കൊണ്ടാണ്.
വൈദ്യുതി ചാർജും വിനോദ നികുതിയും കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ മാത്രമേ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കൂ. 100 രൂപ ടിക്കറ്റിൽ 30 രൂപയും നികുതിയായി നൽകേണ്ടി വരികയാണ്. വിതരണക്കാർക്ക് നൽകിയിരുന്ന പബ്ലിസിറ്റി ചാർജ് ഇനിയുണ്ടാകില്ലെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു.
തിയറ്റിൽ റിലീസ് ചെയ്യണം എന്ന ലക്ഷ്യം മുന്നിൽ കണ്ട് വേണം നിർമാതാക്കൾ ചിത്രങ്ങൾ പുറത്തിറക്കാൻ. എങ്കിൽ സിനിമകൾ ഓടുകയും ജനങ്ങൾ കാണാൻ എത്തുകയും ചെയ്യും. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇറങ്ങിയ 76 ചിത്രങ്ങളിൽ 70 എണ്ണവും പരാജയപ്പെട്ടുവെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഫിയോക് ജനറൽ സെക്രട്ടറി സുമേഷ് ജോസഫ്, ട്രഷറർ സാജു ജോണി, വൈസ് പ്രസിഡന്റുമാരായ സോണി തോമസ്, സജീഷ് ലാൽ, ജോയിന്റ് സെക്രട്ടറിമാരായ കിഷോർ സദാനന്ദൻ, രഞ്ജിത്ത് പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.