കണ്ണൂർ> പറശ്ശിനി പുഴയിൽ 71കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണപുരം സ്വദേശി ചന്ദ്രോത്ത് ബാലന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ 11.15 ഓടെയാണ് പറശിനി പുഴയുടെ കമ്പിൽക്കടവ് ഭാഗത്ത് ബോട്ടുജീവനക്കാർ മൃതദേഹം കണ്ടത്. തളിപ്പറമ്പ് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച വൈകുന്നേരം കമ്പിൽക്കടവിലുള്ള ബന്ധുവീട്ടിലേക്ക് പോകാനായാണ് ബാലൻ എത്തിയത്. സമീപത്തെ കള്ളുഷാപ്പ് വരാന്തയിൽ ഇന്നലെ രാത്രി സുഹൃത്തിനൊപ്പം കിടന്നുറങ്ങിയ ബാലനെ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബന്ധുക്കളെ അറിയിച്ചിരുന്നു. കിടന്നുറങ്ങിയ സ്ഥലത്തിന് സമീപത്ത് തന്നെ ചെരിപ്പ് ഉൾപ്പെടെ കണ്ടെത്തി. തുടർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജാനൂട്ടി. മക്കൾ: ബൈജു, നിഷ, ബിജു.