കൊച്ചി
അതിദരിദ്രരെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരികയാണ് അടുത്ത ദൗത്യമെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ. ആളുകളെ കണ്ടെത്തുന്നതിനേക്കാൾ ശ്രമകരമാണിത്. ഇവിടെയാണ് മൈക്രോ പ്ലാനുകളുടെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു. അതിദാരിദ്ര്യ ലഘൂകരണപദ്ധതിയുടെ ഭാഗമായ മൈക്രോ പ്ലാനുകളുടെ നിർവഹണത്തിന് തദ്ദേശസ്ഥാപന അസോസിയേഷനുകളുടെ ഭാരവാഹികൾക്കായി സംഘടിപ്പിച്ച സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യമനുഭവിക്കുന്ന ഓരോ വ്യക്തിക്കും വ്യത്യസ്തമായ പ്രശ്നങ്ങളാണുണ്ടാകുക. ഇക്കാര്യങ്ങൾ സൂക്ഷ്മതലത്തിൽ പഠിച്ച് മുന്നോട്ടുപോയാൽ ലക്ഷ്യം പൂർത്തീകരിക്കാനാകും. രാജ്യത്ത് നിലവിൽ കേരളത്തിനുമാത്രമേ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ സാധിക്കുകയുള്ളൂ. ആദ്യം അതിദാരിദ്ര്യ നിർമാർജനം, പിന്നാലെ ദാരിദ്ര്യം തുടച്ചുനീക്കുക, തുടർന്ന് തൊഴിലില്ലായ്മ പരിഹരിക്കുക. അങ്ങനെ, സന്തോഷസൂചികയിൽ (ഹാപ്പിനസ് ഇൻഡക്സ്) ഉയർന്ന സ്ഥാനത്തെത്തുക എന്ന വലിയ ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കിലയുടെ സഹകരണത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കില ഡയറക്ടർ ജനറൽ ജോയി ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.