കോഴിക്കോട്> കെപിസിസി ചിന്തൻ ശിബിറിൽ പങ്കെടുക്കാത്തതിന്റെ കാരണം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭിന്നത വ്യക്തിപരമല്ല, ആശയപരമാണ്. സോണിയാഗാന്ധിക്ക് തന്നെ നന്നായി അറിയാം. തന്റെ രാഷ്ട്രീയ സത്യസന്ധതയും പാർടി കൂറും അറിയാം. അവരെ കാര്യം ബോധ്യപ്പെടുത്തും. അച്ചടക്കമുള്ള പ്രവർത്തകനായതിനാൽ മാധ്യമങ്ങളോട് വിശദീകരണം നൽകാനില്ല.
സോണിയയെ ധരിപ്പിച്ചശേഷം വിശദാംശം പങ്കുവയ്ക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറാണ് പരിപാടിക്ക് ക്ഷണിച്ചത്. ശിബിറിൽ പങ്കെടുക്കാനാവാത്തതിൽ മനോവേദനയുണ്ടെന്നും മുല്ലപ്പള്ളി വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിറിൽ മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുത്തിരുന്നില്ല. ഇരുവരോടും വിശദീകരണം ചോദിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
ഇതിനുള്ള മറുപടിയായാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിരുന്നുവെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ മുല്ലപ്പള്ളി തയ്യാറായില്ല.