കണ്ണൂർ> കോൺഗ്രസ് നേതൃത്വം സാന്ത്വനമേകിയില്ലെങ്കിലും വാക്കുകളിൽ വിഷം നിറയ്ക്കരുതെന്ന അപേക്ഷയുമായി ധീരജിന്റെ മാതാപിതാക്കൾ. കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇടുക്കി ഡിസിസി പ്രസിഡന്റ് പി എ മാത്യുവും ധീരജ് മരിച്ച് ആറ് മാസം കഴിയുമ്പോഴും ജീവിച്ചിരിക്കുന്ന ഞങ്ങളെ കൊല്ലാതെ കൊല്ലുകയാണ്. കോൺഗ്രസിന്റെ അപവാദപ്രചരണം അവസാനിപ്പിക്കണമെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അച്ഛൻ ഇ രാജേന്ദ്രനും അമ്മ ടി എൻ പുഷ്കലയും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കി ഗവ. എൻജിനിയറിങ്ങ് കോളേജിൽ വെച്ച് ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊല്ലുകയായിരുന്നു. ‘ഇരന്നു വാങ്ങിയ മരണ’മെന്ന് കെ സുധാകരൻ പറഞ്ഞത്. ഇത് ഞങ്ങടെ മകനെ അവർ കൊന്നതാണെന്നതിന്റെ തെളിവല്ലേ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം ഭക്ഷണം കഴിക്കാൻ ക്യാമ്പസിന് പുറത്തുവന്ന മകനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് അനുഭാവിയാണ് ഞാൻ. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഞാനും ഭാര്യയും സുധാകരനാണ് വോട്ടുചെയ്തത്. പകരമായി എനിക്ക് കിട്ടിയത് ഞങ്ങളുടെ മകന്റെ മൃതദേഹമാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ് മനുഷ്യത്വരഹിതമായ പരാമർശങ്ങളിലൂടെ നിരന്തരം ഞങ്ങളുടെ ഹൃദയത്തെ മുറിവേൽപിക്കുകയാണ്.
ജീവിതത്തിൽ ഒരിക്കലും മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണ് ധീരജ്. കോളേജിൽ ആരോടു ചോദിച്ചാലും ഇതറിയാം. പാട്ടുപാടാനും സുഹൃത്തുക്കൾക്കെല്ലാം സഹായമായും കോളേജിൽ നിറഞ്ഞുനിന്നിരുന്നു. ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടിയ വ്യക്തിയാണ് ധീരജ്. ഞങ്ങൾ കോളേജ് ആവശ്യത്തിനായി നൽകുന്ന പണമെല്ലാം അവന്റെ കൈവശമുണ്ട്. അനാവശ്യമായി പണം ചെലവഴിക്കുന്ന വ്യക്തിയല്ല ധീരജ്. രാഷ്ട്രീയ വിരോധത്താൽ മന:പൂർവം ഇത്തരം അപമാനിക്കുന്നത് നിർത്തണം. മകനെ നഷ്ടപ്പെട്ട് നിൽക്കുന്ന മാതാപിതാക്കളുടെ ദു:ഖം പറഞ്ഞാൽ മനസിലാകില്ല. സാന്ത്വനമേകിയില്ലെങ്കിലും മുറിവിൽ വിഷം പുരട്ടാതിരുന്നാൽ മതി.
ക്രിസ്മസ് അവധി കഴിഞ്ഞ് എന്റെ മടിയിൽ കയറിയിരുന്ന് കളി പറഞ്ഞുപോയ മകനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്. അടുത്ത തവണ അവധിക്ക് വരുമ്പോൾ പാസ്പോർടിന് അപേക്ഷ നൽകാമെന്നു പറഞ്ഞതാണ്. എൻജിനീയറാകാനുള്ള സ്വപ്നത്തിന്റെ പാതയിലായിരുന്നു ധീരജ്. അവനൊപ്പമുള്ള എല്ലാരും കോഴ്സ് കഴിഞ്ഞ് ക്യാമ്പസ് വിട്ടു. സഹോദരൻ അദ്വൈത് ധീരജിന്റെ മരണം അറിഞ്ഞശേഷം സംസാരംപോലും ഇല്ലാതായി. കരഞ്ഞിട്ട് പോലുമില്ല. അത്രത്തോളം ദുഃഖത്തിലാണ് കുടുംബം. അതിനാൽ കോൺഗ്രസ് തെറ്റായ പ്രചരണം അവസാനിപ്പിച്ച് കുടുംബത്തെ വെറുതെ വിടണമെന്നും പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബന്ധുക്കളായ പി എം വേണുഗോപാൽ, പി ആർ സുഭാഷ്, പി എം മനോജ് എന്നിവരും പങ്കെടുത്തു.