ഒറിഗോൺ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഇന്ന് അവസാനിക്കാനിരിക്കെ അമേരിക്ക കിരീടം ഉറപ്പിച്ചു. 10 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 28 മെഡലുകളായി. രണ്ടാമതുള്ള എത്യോപ്യക്ക് 10 മെഡലുണ്ട്. നീരജ് ചോപ്രയുടെ വെള്ളിക്കരുത്തിൽ ഇന്ത്യ പട്ടികയിൽ ഇടംകണ്ടെത്തി. 28–-ാംസ്ഥാനത്താണ്.
വനിതകളുടെ 4 x 100 മീറ്റർ റിലേയിൽ ജമൈക്കയെ അട്ടിമറിച്ച് അമേരിക്ക സ്വർണംനേടി (41.14 സെക്കൻഡ്). ഷെല്ലി ആൻഫ്രേസർ പ്രൈസി, ഇലെയ്ൻ തോംപ്സൺ ഹെറാ, ഷെറീക്ക ജാക്സൺ എന്നീ കരുത്തർ അണിനിരന്ന ജമൈക്ക രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (41.18). പുരുഷന്മാരിൽ അമേരിക്ക വിറച്ചു. ക്യാനഡ (37.48) ജേതാക്കളായി. അമേരിക്ക (37.55) വെള്ളിയിൽ തൃപ്തിപ്പെട്ടു.