മലപ്പുറം> കേരളത്തിലെ മുസ്ലിംലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ലീഗ് ലയനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർടി മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സമിഉള്ള അൻസാരി അഖിലേന്ത്യാ പ്രസിഡന്റ് കെ എം ഖാദർ മൊയ്തീനും തെരഞ്ഞെടുപ്പ് കമീഷനും കത്തയച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും (ഐയുഎംഎൽ) കേരള സ്റ്റേറ്റ് മുസ്ലിംലീഗും (കെഎസ്എംഎൽ) തമ്മിലുള്ള ലയനം റദ്ദാക്കണമെന്നാണ് ആവശ്യം. ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുസമദ് സമദാനി എന്നിവർക്കും കത്തിന്റെ കോപ്പിയുണ്ട്. കേരളത്തിലെ ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവും ഉന്നയിക്കുന്നു.
കോണിചിഹ്നം അനുവദിക്കാത്തതിനാൽ മഹാരാഷ്ട്രയിൽ പാർടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുന്നില്ലെന്നാണ് പ്രധാന പരാതി. മഹാരാഷ്ട്രയിലെ സംഘടനാപ്രവർത്തനങ്ങളിൽ കേരള കമ്മിറ്റി ഇടപെടുന്നതായും ഭാരവാഹികളെപ്പോലും അവർ നിശ്ചയിക്കുകയാണെന്നും കത്തിലുണ്ട്.
ഇബ്രാഹിം സുലൈമാൻസേട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രസിഡന്റായിരിക്കെ ബാബ്റി മസ്ജിദ് വിഷയത്തിൽ ലീഗ് യുഡിഎഫ് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് കേരളത്തിൽ യുഡിഎഫ് സർക്കാരിൽ അംഗങ്ങളായിരുന്ന ലീഗ് മന്ത്രിമാർ മന്ത്രിസ്ഥാനം ഒഴിയണമെന്നും സേട്ട് പറഞ്ഞു. അതോടെ അങ്കലാപ്പിലായ കേരളത്തിലെ ലീഗ് രഹസ്യമായി രജിസ്റ്റർചെയ്ത പാർടിയാണ് കേരള സ്റ്റേറ്റ് മുസ്ലിംലീഗ്. പിന്നീട് സേട്ടിനെ ലീഗ് പുറത്താക്കി. പാർടി പൂർണമായും കേരള നേതാക്കളുടെ കൈകളിലായി. ഇപ്പോഴത്തെ വനിതാലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഫാത്തിമ മുസഫർ തമിഴ്നാട് സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റായിരിക്കെ കോണി ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. അതോടെയാണ് കെഎസ്എംഎല്ലും ഐയുഎംഎല്ലും ലയിക്കുന്നത്. കേരളത്തിലെ ലീഗ് നേതാക്കളാണ് ഇതര സംസ്ഥാനങ്ങളിലെ പാർടി ആഭ്യന്തര കാര്യങ്ങളിലടക്കം ഇടപെടുന്നത്. അതിലുള്ള അമർഷംകൂടിയാണ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ പുതിയ നീക്കം.