ക്യാംപസ് മ്യൂസിക്കൽ ത്രില്ലർ’ഹയ’ യുടെ ചിത്രീകരണം കഴിഞ്ഞതോടെ പ്രധാന ലൊക്കേഷനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിനും താരപദവി കൈവന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിൽ ഒന്നാണ് അമൽജ്യോതിയുടേത്. ആദ്യരാത്രി, ആനന്ദം, നാം, മമ്മി ആൻഡ് മീ, കാണാക്കാഴ്ച്ച, തമിഴ് ചിത്രം തുടങ്ങിയ സിനിമകൾ ഇവിടെ മുൻപ് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമകളിലെല്ലാം സാന്നിധ്യം അറിയിക്കാൻ മാത്രമേ ഈ ലൊക്കേഷനു കഴിഞ്ഞിരുന്നുള്ളൂ.
കോളജിന്റെ ഏതാണ്ടെല്ലാ സാധ്യതകളും ഉൾപ്പെടുത്തി ഇരുപത്തിരണ്ട് ദിവസമാണ് ഈ ക്യാംപസിൽ മാത്രം ‘ഹയ’യുടെ ഷൂട്ടിങ് നടന്നത്. പത്തു ഡിപ്പാർട്ട്മെന്റുകളും മുപ്പതോളം ലാബുകളുമടക്കം അറുപത്തിമൂന്നോളം ഏക്കറിലായി പരന്നുകിടക്കുന്ന കാംപസിന്റെ ആകർഷണഘടകങ്ങളെല്ലാം ‘ഹയ’യിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട, വനിതാ ഹോസ്റ്റലിനെയും കോളജിനെയും ബന്ധിപ്പിക്കുന്ന അര കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ‘ സ്കൈ വാക്ക് ‘ അടക്കമുള്ള കാഴ്ചകളും ഈ ലൊക്കേഷന്റെ മനോഹാരിത കൂട്ടുന്നു. പ്രമുഖ താരങ്ങൾക്കും പുതുമുഖങ്ങൾക്കുമൊപ്പം ഈ കോളജിലെ ചില അധ്യാപകരും വിദ്യാർത്ഥികളും ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യുന്നു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന ‘ഹയ’ വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു. മനോജ് ഭാരതിയുടേതാണ് രചന. ‘ഹയ’ യുടെപോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.