തിരുവനന്തപുരം
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീട്ടിലും ദേശീയപതാക ഉയർത്തും. ആഗസ്ത് 13 മുതൽ 15 വരെയാണ് പതാക ഉയർത്തേണ്ടത്. രാത്രിയിൽ പതാക താഴ്ത്തേണ്ടതില്ല. ഇതിനായി ഫ്ളാഗ് കോഡിൽ മാറ്റം വരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ–-അർധസർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്തണം. ആവശ്യമായ പതാകയുടെ നിർമാണം കുടുംബശ്രീ ആരംഭിച്ചു. ഖാദി, കൈത്തറി തൊഴിലാളികളുടെ സേവനവും ഉറപ്പാക്കും.
ആഗസ്ത് 12നുള്ളിൽ സ്കൂൾ വിദ്യാർഥികൾ വഴി എല്ലായിടത്തും എത്തിക്കാനാണ് ശ്രമം. പറ്റാത്തിടത്ത് തദ്ദേശസ്ഥാപനം ക്രമീകരണമുണ്ടാക്കും. എല്ലായിടത്തും പതാക ഉയർത്തിയെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. ഗ്രന്ഥശാലകളും ക്ലബ്ബുകളും പരിപാടി ആസൂത്രണം ചെയ്യണം.
15ന് സ്കൂളുകളിൽ ഘോഷയാത്രയാകാം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. 13 മുതൽ ഔദ്യോഗിക പരിപാടി നടത്തണം. വിദ്യാർഥികളെ സ്വാതന്ത്ര്യസമര കേന്ദ്രം സന്ദർശിപ്പിക്കണം, സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന പോരാട്ടങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലറ്റ് വിതരണം ചെയ്യാനും തീരുമാനമായി.