തിരുവനന്തപുരം> കീറപ്പായിൽ പട്ടിണികിടന്ന് മരിക്കാനുള്ളവരല്ല മലയാളികളെന്ന് കേന്ദ്രം ഭരിക്കുന്നവർ മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കിഫ്ബി മുഖേന സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികളെ തകർക്കാനാണ് ഇഡിയെ ഉപയോഗിച്ചുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇപി.
കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അവർക്ക് മുദ്രാവാക്യം വിളിക്കുന്നവർ മനസിലാക്കണം. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച റോഡിലൂടെ സഞ്ചരിക്കുന്നവർക്കും സ്കൂളിൽ മക്കളെ പഠിപ്പിക്കുന്നവർക്കും കേന്ദ്രസർക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ പ്രതികരിക്കാനാകണം.ശാസ്ത്രം വളരുമ്പോഴും പുതിയ തലമുറയെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തള്ളിവിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ നയം. രാജ്യത്ത് വർഗീയ ശക്തികൾ വിദ്യാഭ്യാസ രംഗത്ത് കൈകടത്തുന്നു. പഴയ സാമൂഹ്യഘടനയിലേക്ക് സമൂഹത്തെ തിരികെ കൊണ്ടുപോകാനാണ് ശ്രമമെന്നും ഇ പി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വിദ്യാകിരണം പ്രവർത്തനങ്ങൾ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ടിഎ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, ജില്ലാ സെക്രട്ടറി വി അജയകുമാർ എന്നിവർ സംസാരിച്ചു.