കാസർകോട്
മഞ്ചേശ്വരം നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപ്പത്രിക പിൻവലിപ്പിച്ച കേസിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചാം പ്രതി അഡ്വ. വി ബാലകൃഷ്ണ ഷെട്ടിയുടെ ജാമ്യാപേക്ഷയാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് സി കൃഷ്ണകുമാർ തള്ളിയത്. കുറ്റകൃത്യത്തിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യാ കോടതി കണ്ടെത്തി. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് കേസിൽ ഒന്നാംപ്രതി.
കെ സുരേന്ദ്രന്റെ
ചീഫ് ഏജന്റ്
ബിജെപി സ്ഥാനാർഥി കെസുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബാലകൃഷ്ണ ഷെട്ടിയുടെ നേതൃത്വത്തിലാണ് സുന്ദരയെ, സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് താളിപ്പടുപ്പിലെ ഹോട്ടൽ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചത്. പട്ടികജാതി–-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പിനാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷകസംഘം കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ കുറ്റപത്രം നൽകിയത്. പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും 8,000 രൂപയുടെ സ്മാർട്ട് ഫോണും കോഴ നൽകി.
6 പ്രതികൾ
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികൾ. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി വി വി രമേശൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസെടുത്തത്.
സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി ഷൂക്കൂർ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.