കണ്ണൂർ > വനിതാ സഹകരണബാങ്ക് ജീവനക്കാരിയെ കോർപറേഷൻ കൗൺസിലർ പീഡിപ്പിച്ചു. കണ്ണൂർ കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിനെതിരെ യുവതിയുടെ പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും യുവതി പരാതി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ ബാങ്ക്. ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയാണ് കൃഷ്ണകുമാർ. പകൽ ഒരുമണിയോടെ ബാങ്കിലെത്തിയ കൃഷ്ണകുമാർ കടന്നുപിടിക്കുകയും എതിർത്തപ്പോൾ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജീവനക്കാരി എടക്കാട് പൊലീസിൽ മൊഴി നൽകി. ബാങ്ക് സെക്രട്ടറി കണ്ണൂരിലേക്കും ഡെപ്പോസിറ്റ് കലക്ടർമാർ പുറത്തേക്കും പോയ സമയത്തായിരുന്നു പീഡന ശ്രമം. ഈ സമയത്ത് ജീവനക്കാരി ഒറ്റക്കാണ് ബാങ്കിൽ ഉണ്ടായിരുന്നത്. ജീവനക്കാരി നിലവിളിച്ചതോടെ ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു.
ബാങ്ക് സെക്രട്ടറിയെയും ഭർത്താവിനെയും യുവതി വിവരം അറിയിക്കുകയായിരുന്നു. ഭർത്താവിനൊപ്പം എത്തിയാണ് എടക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്.കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയായ കൃഷ്ണകുമാർ എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു. കിഴുന്ന ഡിവിഷനിലെ കൗൺസിലറാണ്. നേരത്തെ എടക്കാട് പഞ്ചായത്തംഗവുമായിരുന്നു.