തിരുവനന്തപുരം > തിരുവനന്തപുരം സിഇടി ക്യാമ്പസിന് മുന്നിലെ വെയ്റ്റിങ് ഷെഡിൽ വിദ്യാർഥികളും വിദ്യാർത്ഥിനികളും അടുത്തടുത്ത് ഇരിക്കുന്നതിൽ അസ്വസ്ഥരായ കപടസദാചാരവാദികൾ ഇരിപ്പിടങ്ങൾ തകർത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇരിപ്പ് സമരം സംഘടിപ്പിച്ചു.
എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിത്. ജനാധിപത്യ സമൂഹത്തിൽ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചൻസദാചാര സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്. പുരുഷാധിപത്യബോധത്തിൽ നിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്. ആൺ ബോധനങ്ങളുടെ കപട സദാചാര സങ്കൽപ്പനങ്ങളിൽ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാർ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. സദാചാര സംരക്ഷണത്തിന്റെ മറവിൽ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ വേട്ടയാടുന്നത് അംഗീകരിക്കില്ല.
സീറ്റുകൾ തകർത്ത സംഭവമറിഞ്ഞയുടൻ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിധിൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു. തുടർന്ന് കോളേജ് വിദ്യാർഥികളും യുവജന സംഘടനാ പ്രവർത്തകരും ചേർന്ന് വെയ്റ്റിങ് ഷെഡിൽ ഇരിപ്പ് സമരം നടത്തി. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വമുയർത്തി കൂട്ടപ്പാട്ടുകളും മുദ്രാവാക്യങ്ങളും ഏറ്റു വിളിച്ചു.
സദാചാരവാദികൾ വികൃതമാക്കിയ വെയ്റ്റിങ് ഷെഡ് പുനർനിർമ്മിക്കുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് എസ് നിധിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം രേവതി, ജില്ലാ കമ്മിറ്റി അംഗം നിധീഷ്, ശ്യാം, സെബിൻ, വിനേഷ് എന്നിവർ നേതൃത്വം നൽകി.