തിരുവനന്തപുരം> സദാചാരവാദികൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സിഇടി) കോളേജിലെ വിദ്യാർഥി പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറൽ. ആണ്കുട്ടികളും പെണ്കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ചിലർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്ന് സീറ്റുകൾ ആക്കി മാറ്റിയതിനെതിരെയാണ് വിദ്യാർഥികൾ മടിയിലിരുന്ന് പ്രതിഷേധിച്ചത്.
‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും വിദ്യാർഥി പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചത്. വിദ്യാർഥികളുടെ നടപടിയെ അഭിനന്ദിച്ച് രാഷ്ട്രീയ നേതാക്കളും സംഘടനകളും രംഗത്തെത്തി. സിഇടി കോളേജ് ക്യാമ്പസിനു മുന്നിലുള്ള വെയ്റ്റിംഗ് ഷെഡിൽ വിദ്യാർഥികളും വിദ്യാർഥിനികളും അടുത്തടുത്ത് ഇരിക്കുന്നതിൽ അസ്വസ്ഥരായ ചില കപടസദാചാരവാദികൾ ഇരിപ്പിടങ്ങൾ തകർത്തതും വെട്ടിപ്പൊളിച്ചതും പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ ദിവസവും നൂറുകണക്കിന് വിദ്യാർഥികളും വിദ്യാർത്ഥിനികളും പ്രയോജനപ്പെടുത്തുന്ന വെയ്റ്റിംഗ് ഷെഡാണിത്. ജനാധിപത്യ സമൂഹത്തിൽ ലിംഗനീതി ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗനീതിയെ അംഗീകരിക്കാത്തവരും പഴഞ്ചൻസദാചാര സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കുന്നവരും സമൂഹത്തിന് അപകടമാണ്. പുരുഷാധിപത്യബോധത്തിൽനിന്ന് ഇനിയും വണ്ടി കിട്ടാത്തവരാണ്.
ആൺ ബോധനങ്ങളുടെ കപട സദാചാര സങ്കൽപ്പനങ്ങളിൽ നിന്ന് പുതിയ സാമൂഹിക വിചിന്തനങ്ങളിലേക്ക് ലോകം മാറി കൊണ്ടിരിക്കുന്നത് ഇത്തരക്കാർ തിരിച്ചറിയണം. അതിനോട് പരിഹാസ രൂപേണ പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. സദാചാര സംരക്ഷണത്തിന്റെ മറവിൽ സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ എതിർക്കുന്നത് അംഗീകരിക്കില്ലന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.