തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ഖനന, ധാതു നിയമഭേദഗതികൾ സംസ്ഥാന താൽപ്പര്യങ്ങൾ ഹനിക്കുന്നതാണെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഡോ. സുജിത് വിജയൻ പിള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭേദഗതി നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തിരുന്നു. നിർദേശങ്ങളിലെ ഭരണഘടനാ ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആറ് ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവച്ചത്. 12 ധാതുക്കളിൽ ടൈറ്റാനിയം മിനറൽസ്, ഇൽമനൈറ്റ്, റൂട്ടൈൽ, ബീച്ച് സാൻഡ് മിനറൽസ് ഉൾപ്പെടെ എട്ട് ധാതുക്കളുടെ ലേല നടപടികളുടെ അവകാശം കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഒരു ഭേദഗതി. നിലവിൽ സർക്കാർ സ്ഥാപനങ്ങൾക്കാണ് അറ്റോമിക് ധാതുക്കൾ ഖനനം ചെയ്യാനുള്ള ഖനനാനുമതി ലഭിക്കുന്നത്. ആ വ്യവസ്ഥ മാറ്റാനുള്ള ശ്രമവും ഭേദഗതിയിലുണ്ട്. ഇത് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യങ്ങൾക്കു വിരുദ്ധമാണെന്ന് കേന്ദ്ര ഖനി മന്ത്രാലയത്തെ അഭിപ്രായമറിയിച്ചിട്ടുണ്ട്.
ഭരണഘടനാപരമായി ഖനികളുടെയും ധാതുക്കളുടെയും ഉടമസ്ഥാവകാശം സംസ്ഥാനങ്ങൾക്കാണ്. അവ സംബന്ധിച്ച നിയമരൂപീകരണത്തിനും സംസ്ഥാനത്തിന് കഴിയും. ഇതും ഇല്ലാതാകും. അറ്റോമിക് എനർജി ആക്ടിൽ യുറേനിയം, പ്ലൂട്ടോണിയം, തോറിയം മുതലായ ധാതുക്കളും അവയുടെ വകഭേദങ്ങളും ഉൽപ്പന്നങ്ങളും “പ്രിസ്ക്രൈബ്ഡ് സബ്സ്റ്റൻസ്’ എന്ന ഗണത്തിലാണുള്ളത്. ഇത്തരം ധാതുക്കളുടെ ഖനനാനുമതികൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇത്തരം തീരുമാനങ്ങളും വ്യവസ്ഥകളും ഭേദഗതിയിലൂടെ ഇല്ലാതാകും.
പാരിസ്ഥിതിക സങ്കീർണതയുള്ള കേരളംപോലുള്ള സംസ്ഥാനത്ത് ഗുരുതരമായ ആഘാതങ്ങളുമുണ്ടാക്കും. സർക്കാർ അനുമതി കൂടാതെതന്നെ കരിമണൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്വകാര്യമേഖലയ്ക്ക് ഖനനത്തിന് നൽകാനുള്ള അധികാരവും കേന്ദ്രത്തിന് ലഭിക്കും. ധാതുവിഭവങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.