തിരുവനന്തപുരം > സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുന്‍കരുതല്‍ നടപടികള്‍ (മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്. ഇക്കാര്യത്തില്‍ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകള്‍ ദൂരീകരിക്കുന്നതിനും എംഎല്‍എമാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഡോ. സുജിത്ത് വിജയന് പിള്ള എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസള്‍ട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോണ്ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോണ്ടാക്ടില് ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസിറ്റീവ് കേസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്സുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.