തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അക്രമിക്കാൻ നോക്കിയവരെ തടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
സുധാകരനും വി ഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്നാണ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വി ഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഒരു പരാതി കോടതിയിൽ വന്നു. അതിനനുസരിച്ച് ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കോൺഗ്രസ് ഐ വിഭാഗക്കാർ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജൻ പറഞ്ഞു.
ശബരീനാഥന് ജാമ്യം നൽകുന്നത് കോടതിയുടെ അധികാരമാണ്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമെ കോടതി പ്രവർത്തിക്കുകയുള്ളൂ. ജാമ്യം ലഭിച്ചതിനെ നേട്ടമായി കരുതുന്നവർ ഇതിനെ പറ്റി ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ തനിക്കെതിരെ ഉണ്ടായ വെടിവെപ്പിൽ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജൻ പറഞ്ഞു.