കൊച്ചി > നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് അന്വേഷകസംഘം ശേഖരിച്ചു. കാക്കനാട് ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്ദ സന്ദേശം ഉല്ലാസ് ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ബിജെപി സംസ്ഥാന സമിതിയംഗവും മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായ ഉല്ലാസ് ബാബു നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തൃശൂർ ജില്ലയിലെ പ്രധാന അടുപ്പക്കാരിലൊരാളാണ് ഉല്ലാസ് ബാബു. കേസിലെ തുടരന്വേഷണ റിപ്പോർട് വെളളിയാഴ്ച സമർപ്പിക്കാനിരിക്കെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ദിലീപ് വാട്സാപ്പ് ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്ത ഈ ശബ്ദ സന്ദേശം ഫോണിന്റെ ഫോറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. മീഡിയ ഫയൽസിൽ നിന്ന് ശബ്ദ സന്ദേശം നീക്കം ചെയ്തിരുന്നില്ല. തേടിയവളളി കാലിൽ ചുറ്റി എന്നാണ് ഉല്ലാസ് ബാബു ശബ്ദ സന്ദേശത്തിൽ പറയുന്നത്. വിചാരണക്കോടതി ജഡ്ജിയെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും സന്ദേശത്തിൽ പരാമർശമുണ്ട്. ഉല്ലാസും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനുള്ള സാഹചര്യവും പരിശോധിച്ചു വരികയാണ്.
ഉല്ലാസ് ബാബു ദിലീപിനയച്ച ശബ്ദസന്ദേശം അന്വേഷക സംഘത്തിന് മുമ്പ് ലഭിച്ചിരുന്നെങ്കിലും ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ പറയുന്ന വിഷയങ്ങൾ പരാമർശിക്കുന്ന വേറെ ചില ശബ്ദസന്ദേശങ്ങളും ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നിൽ വലപ്പാടുള്ള ജ്യോതിഷിയായ സ്വാമിയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞ് അയാളിൽ നിന്ന് വിവരങ്ങൾ തേടി. സ്വാമിയിൽ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ഉല്ലാസ്ബാബു കേസിലെ ഒരു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായും അന്വേഷക സംഘം സംശയിക്കുന്നു.